വെമ്പായം: മന്ത്രവാദത്തിന്റെ മറവിൽ മയക്കുമരുന്ന് കച്ചവടം നടത്തിയ പ്രതി അറസ്റ്റിൽ. വട്ടപ്പാറ വേറ്റിനാട് മാതുശേരി വീട്ടിൽ സുരേന്ദ്ര (54) നെയാണ് ഡാൻസാഫ് ടീമും വട്ടപ്പാറ പോലീസും ചേർന്ന് പിടികൂടിയത്.
വടപ്പാറ, കന്യാകുളങ്ങര പ്രദേശങ്ങളിലെ സ്കൂൾ കുട്ടികളെയും യുവാക്കളെയും കേന്ദ്രീകരിച്ച് ലഹരി ഉല്പന്നങ്ങൾ വില്പന നടത്തിയിരുന്ന ഇയാൾ വേറ്റിനാട് മന്ത്രവാദത്തിനായി ഒരു അമ്പലവും സ്ഥാപിച്ചിരുന്നു. ഇതിന്റെ മറവിലായിരുന്നു ലഹരി ഉല്പന്നങ്ങൾ വിറ്റിരുന്നത്.
പ്രതി വിദ്യാർഥികൾക്ക് ലഹരിവസ്തുക്കൾ വിലപ്പന നടത്തി വരുന്നതായി രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ഏതാനും നാളുകളായി പോലീസിന്റെ നിരീക്ഷണത്തിലായിരുന്നു.
തുടർന്ന് കഴിഞ്ഞ ദിവസം ഇയാളെ കസ്റ്റഡിയിലെടുക്കുകയും ചോദ്യം ചെയ്യലിൽ വീട്ടിൽ സൂക്ഷിച്ചിരുന്ന 200 ഗ്രാം കഞ്ചാവും 2.06 ഗ്രാം എംഡിഎംഎയും പിടിച്ചെടുത്തു.
റൂറൽ എസ്പി കിരൺ നാരായണിന്റെ നിർദേശ പ്രകാരം നെടുമങ്ങാട് ഡിവൈഎസ്പി കെ.എസ് അരുണിന്റെ നേതൃത്വത്തിൽ ഡാൻസാഫ് ടീമും, വെഞ്ഞാറമൂട് സിഐ ശ്രീജിത്ത്, എസ്ഐ ബിനി മോൾ, സുനിൽകുമാർ, സിപിഒ റെജി, ഷാഡോ പോലീസ് ഉദ്യോഗസ്ഥരായ സജു കുമാർ, സതികുമാർ, ഉമേഷ്, അനൂപ് എന്നിവരാണ് പരിശോധന നടത്തി പ്രതിയെ അറസ്റ്റ് ചെയ്തത്.