കുന്നംകുളം: ബസില്‍ വച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട യുവതിക്ക് രക്ഷകരായി സ്വകാര്യ ബസ് ജീവനക്കാര്‍. വടക്കാഞ്ചേരി ചാവക്കാട് റൂട്ടിലോടുന്ന പി.വി.ടി ബസിലെ ഡ്രൈവര്‍ രജനീഷ്, കണ്ടക്ടര്‍ കൃഷ്ണന് എന്നിവരാണ് യുവതിയെ ആശുപത്രിയിലെത്തിച്ച് രക്ഷകരായത്.
വ്യാഴാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് സംഭവം. കുന്നംകുളത്ത് നിന്ന് വടക്കാഞ്ചേരിയിലേക്ക് സര്‍വീസ് നടത്തുകയായിരുന്ന പി.വി.ടി ബസ് ചൊവ്വന്നൂരില്‍ എത്തിയപ്പോഴാണ് ബസിലെ യാത്രക്കാരിയായ യുവതിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് കുഴഞ്ഞുവീണത്.
ഉടന്‍തന്നെ ബസിലെ ഡ്രൈവറായ രജനീഷും കണ്ടക്ടറായ കൃഷ്ണനും യുവതിയെ ആശുപത്രിയിലെത്തിക്കാന്‍ തീരുമാനിക്കുകയായിരുന്നു. മറ്റ് സ്റ്റോപ്പുകളില്‍ ബസ് നിര്‍ത്തി സമയം പാഴാക്കാതെ ഹോണ്‍ മുഴക്കി വേഗത്തില്‍ ബസ് ഓടിച്ച് ഏകദേശം നാല് കിലോമീറ്റര്‍ ദൂരത്തിലുള്ള പന്നിത്തടം അല്‍ അമീന് ആശുപത്രിയില്‍ യുവതിയെ എത്തിക്കുകയായിരുന്നു. ഇതിനുശേഷം മുമ്പുള്ള സ്റ്റോപ്പില്‍ ഇറങ്ങേണ്ട യാത്രക്കാരെ കുന്നംകുളത്തേയ്ക്ക് പോകുന്ന മറ്റൊരു ബസില്‍ കയറ്റി വിട്ടു.
പിന്നീടാണ് പി.വി.ടി ബസ് വടക്കാഞ്ചേരിയിലേക്ക് യാത്ര തിരിച്ചത്. മരത്തംകോട് സ്വദേശിയായ യുവതിക്ക് കാര്യമായ പ്രശ്നങ്ങളില്ലാത്തതിനാല് പ്രഥമ ശുശ്രൂഷ നല്കി ബന്ധുക്കളോടൊപ്പം വീട്ടിലേക്ക് പറഞ്ഞയച്ചു. ഡ്രൈവര്‍ രജനീഷ് എരുമപ്പെട്ടി കുണ്ടന്നൂര്‍ തൃക്കണപതിയാരം സ്വദേശിയാണ്. കണ്ടക്ടര്‍ കൃഷ്ണന് മിണാലൂര്‍ സ്വദേശിയാണ്.
മാതൃകാപരമായ പ്രവർത്തനം നടത്തിയ ബസ് ജീവനക്കാരെ ബി എം എസ് വടക്കാഞ്ചേരി മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ വടക്കാഞ്ചേരി ബസ് സ്റ്റാൻഡിൽ വച്ച് ആദരിച്ചു. ബിഎംഎസ് ജില്ലാ ട്രഷറർ വിപിൻ മംഗലം, വിനോദ് പി വി, എ. സി കണ്ണൻ തുടങ്ങിയവർ നേതൃത്വം നൽകി.