ഷിരൂർ: മണ്ണിടിച്ചിലില്‍ കാണാതായ അര്ജുന് വേണ്ടിയുള്ള തിരച്ചില്‍ പതിമൂന്നാം ദിവസത്തിലേക്ക്. എന്നാൽ കാലാവസ്ഥ പിന്നെയും വില്ലനായ് അവതരിച്ചതിനാൽ തിരച്ചിൽ പ്രതിസന്ധി ഘട്ടത്തിലാണ്.
ഉഡുപ്പിയില്‍ നിന്നുള്ള മുങ്ങല്‍ വിദഗ്ധൻ ഈശ്വര്‍ മാല്‍പെ നദിയിലിറങ്ങി നടത്തുന്ന തിരച്ചില്‍ മാത്രമാണ് ഇപ്പോഴുള്ള ഏകപ്രതീക്ഷ. ഗംഗാവാലി പുഴയിലിറങ്ങിയുള്ള തിരച്ചില്‍ ദുഷ്കരമാണെന്നും എങ്കിലും ദൗത്യം തുടരുമെന്നും ഉത്തരകന്നഡ ജില്ലാ കളക്ടര്‍ ലക്ഷ്മി പ്രിയ അറിയിച്ചു.
ഇന്നലെ പുഴയിലെ മൂന്ന് സ്പോട്ടുകളില്‍ തിരച്ചിൽ നടത്തിയിരുന്നു. എന്നാൽ ട്രക്കോ ട്രക്കിന്റെ ഭാഗങ്ങളോ കിട്ടിയിട്ടില്ല. മറിച്ച് തകരഷീറ്റുകളും മരകഷ്ണങ്ങളും മാത്രമാണ് ഇന്നലെ കണ്ടെത്താന്‍ സാധിച്ചത്. അവശേഷിക്കുന്ന ഒരു സ്പോട്ടിലാണ് ഇന്ന് പരിശോധന തുടരുന്നത്. അടിത്തട്ടിലേക്ക് പോയി തിരച്ചില്‍ നടത്തുക ദുഷ്കാരമാണെന്നും ഇന്ന് കൂടി സ്വന്തം ഉത്തരവാദിത്വത്തില്‍ തിരച്ചില്‍ നടത്തുമെന്ന് ഈശ്വര്‍ മാല്‍പേ അറിയിച്ചു.