കാരക്കാസ്: തെക്കേ അമേരിക്കൻ രാജ്യമായ വെനസ്വേലയിൽ നിക്കോളസ് മഡുറോ തുടർച്ചയായ മൂന്നാം തവണയും പ്രസിഡന്റ്. തെരഞ്ഞെടുപ്പിൽ 51.2 ശതമാനം വോട്ടുനേടിയാണ് സോഷ്യലിസ്റ്റ് പിഎസ്യുവി പാർട്ടി നേതാവ് മഡുറോ വിജയിച്ചത്.
സംയുക്ത പ്രതിപക്ഷ സ്ഥാനാർഥി എഡ്മണ്ടോ ഗോൺസാലസിന് 44 ശതമാനം വോട്ടുലഭിച്ചു. എന്നാൽ, തെരഞ്ഞെടുപ്പ് ഫലം വന്നതിനു പിന്നാലെ, വോട്ടെണ്ണലിൽ ക്രമക്കേട് ആരോപിച്ച് പ്രതിപക്ഷം രംഗത്തെത്തി.
പുറത്തുവന്ന തെരഞ്ഞെടുപ്പു ഫലം വിശ്വസിക്കാൻ പ്രയാസമാണെന്നു ചിലി ഇടത് നേതാവ് ഗബ്രിയേൽ ബോറിക് പറഞ്ഞു. വെനസ്വേലയിലെ ജനങ്ങളുടെ ഇച്ഛയെ പ്രതിഫലിപ്പിക്കുന്നതല്ല ഫലമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ ടോക്കിയോയിൽ പറഞ്ഞു.
തെരഞ്ഞെടുപ്പ് ഫലം പുറത്തുവിടാനുള്ള കാലതാമസത്തെ ന്യായീകരിച്ച് മഡുറോ രംഗത്തെത്തി. രാജ്യത്തിന്റെ വിദേശ ശത്രുക്കൾ വോട്ടിംഗ് സംവിധാനം ഹാക്ക് ചെയ്യാൻ ശ്രമിച്ചതായി മഡുറോ ആരോപിച്ചു.
രാജ്യത്തെ സമാധാനം തകർക്കാൻ ശ്രമിക്കുന്നത് ഇതാദ്യമല്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ, പോളിംഗ് സ്റ്റേഷനുകളിൽനിന്നുള്ള റിപ്പോർട്ടുകൾ പ്രകാരം, ഗോൺസാലസാണ് വിജയിക്കേണ്ടിയിരുന്നതെന്നു പ്രതിപക്ഷം ആരോപിച്ചു. ഫലം പുറത്തുവിടാൻ കാലതാമസമുണ്ടായതും പ്രതിപക്ഷം ചൂണ്ടിക്കാട്ടി. ഇതേത്തുടർന്ന് ഔദ്യോഗിക ഫലം ഉടനെ പുറത്തുവിടുമെന്ന് ഇലക്ടറൽ കൗൺസിൽ മേധാവി അറിയിച്ചു.
ഞായറാഴ്ച വൈകിട്ട് തെരഞ്ഞെടുപ്പ് വിജയം അവകാശപ്പെട്ട് ഗോൺസാലസ് രംഗത്തെത്തിയിരുന്നു. അനൗദ്യോഗിക എക്സിറ്റ് പോളുകളും വിജയം പ്രവചിച്ചിരുന്നത് ഗോൺസാലസിനായിരുന്നു. ഔദ്യോഗികമായി വെനസ്വേലയിൽ എക്സിറ്റ് പോളുകൾക്ക് വിലക്കുണ്ട്.
2013ൽ ഹ്യൂഗോ ഷാവേസിന്റെ മരണത്തിനു പിന്നാലെയാണു വൈസ് പ്രസിഡന്റായിരുന്ന മഡുറോ അധികാരത്തിലെത്തിയത്.
2018ലെ തെരഞ്ഞെടുപ്പിൽ മഡുറോ വിജയിച്ചത് ക്രമക്കേട് നടത്തിയാണെന്ന ആരോപണമുണ്ട്. ഞായറാഴ്ചയായിരുന്നു ഷാവേസിന്റെ എഴുപതാം ജന്മവാർഷികം.അന്നുതന്നെ തെരഞ്ഞെടുപ്പ് നടത്താൻ മഡുറോ സർക്കാർ തീരുമാനിക്കുകയായിരുന്നു.