കൽപ്പറ്റ: വയനാട് കണ്ടതിൽ വച്ചേറ്റവും ജീവഹാനിയുണ്ടാക്കിയ ഉരുൾപൊട്ടലാണ് ഇന്നലെ രാത്രിയും ഇന്നു പുലർച്ചെയുമായി ചൂരൽമല പുഞ്ചിരിമട്ടത്തുണ്ടായത്. 2019 ഓഗസ്റ്റ് എട്ടിന് രാത്രിയിൽ മേപ്പാടി പുത്തുമല പച്ചക്കാടുണ്ടായ ഉരുൾപൊട്ടലിൽ 17 മനുഷ്യജീവനുകളാണ് പൊലിഞ്ഞത്. അതിൽ അഞ്ചുപേരെ ഇനിയും കണ്ടെത്താനായിട്ടില്ല.
വയനാട്ടിലെ മേപ്പാടി പഞ്ചായത്തില്‍പ്പെട്ട മുണ്ടക്കൈയിലും സമീപപ്രദേശമായ ചൂരല്‍മലയിലും ഇന്നു പുലര്‍ച്ചെ ഉണ്ടായ ഉരുള്‍പൊട്ടലില്‍ 44 പേർ മരിച്ചതായാണ് ഒടുവിൽ ലഭിക്കുന്ന റിപ്പോർട്ട്. നിരവധി പേര് മണ്ണിനടിയില്‍ പുതഞ്ഞിട്ടുണ്ടാകുമെന്നാണ് നിഗമനം.
തങ്ങളുടെ ഉറ്റവർ മണ്ണിനടിയിൽ ഇനിയും ഉണ്ടെന്നാണ് അവിടെ ഒറ്റപ്പെട്ടുപോയവർ പങ്കുവയ്ക്കുന്ന വിവരം. മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്ന ഭീതിയിലാണ് അധികൃതർ.
ചൂരൽമല ടൗണിനു സമീപത്തുള്ള കോണ്‍ക്രീറ്റ് പാലം ഉരുൾപൊട്ടലിൽ തകർന്നതിനാൽ അട്ടമല, മുണ്ടക്കൈ ഭാഗത്തേക്കു രക്ഷാപ്രവർത്തകർക്കു പോകാൻ കഴിഞ്ഞിട്ടില്ല. മുണ്ടക്കൈ, അട്ടമല, ചൂരൽമല ഡിവിഷനുകൾ പൂർണമായും ഒറ്റപ്പെട്ടു. അവിടെയുള്ള നിരവധി വീടുകൾ ഒഴുകിപ്പോയി.
രക്ഷാപ്രവർത്തകർക്ക് അങ്ങോട്ടു കടന്നുചെല്ലാൻ സാധിച്ചാൽ മാത്രമേ ദുരന്തത്തിന്റെ വ്യാപ്തി പുറംലോകമറിയുകയുള്ളു. ചൂരൽമല സ്കൂൾ ഗ്രൗണ്ടിൽനിന്നാണ് ചില മൃതദേഹങ്ങൾ കണ്ടെടുത്തത്.
ചൂരൽമല ടൗണിനു സമീപം പുഴയരികിൽ സ്ഥിതി ചെയ്യുന്ന ചൂരൽമല ഗവ. സ്കൂളിലൂടെയാണ് പുഴ ഗതിമാറി മലവെള്ളം കുതിച്ചൊഴുകുന്നത്. യുദ്ധക്കളത്തിനു സമാനമാണ് സ്കൂൾ ഗ്രൗണ്ടും പരിസരവും.
സ്കൂൾ ഗ്രൗണ്ടിൽനിന്നു കുറച്ചു മൃതദേഹങ്ങൾ പ്രദേശവാസികൾ കണ്ടെടുത്തു. വലിയ പാറക്കഷണങ്ങളും വീടുകളുടെ അവശിഷ്ടങ്ങളും കൂറ്റൻ മരങ്ങളും വാഹനങ്ങളും ഉരുൾപൊട്ടലിൽ അകപ്പെട്ടു തകർന്നുകിടക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.