കോഴഞ്ചേരി: നിപ രോഗം പരത്തുന്ന വവ്വാലുകള്‍ ജനവാസമേഖലയില്‍ എത്തിയത് ഒരു ഗ്രാമപ്രദേശത്തെ ജനങ്ങളെ മുഴുവന്‍ ഭീതിയിലാക്കുന്നു.
പമ്പാനദിയുടെ തീരത്തുള്ള തോട്ടപ്പുഴശേരി പഞ്ചായത്തിലെ ഏഴാം വാര്‍ഡില്‍പ്പെട്ട നെടുംപ്രയാര്‍ പനച്ചേരിമുക്ക് റോഡില്‍ തേവലശേരി അമ്പലത്തിനും സന്തോഷ് കടവിനും മധ്യേ പമ്പാനദിയോടു ചേര്‍ന്നാണ് ആയിരക്കണക്കിന് വവ്വാലുകള്‍ തമ്പടിച്ചിരിക്കുന്നത്.
ഈ പ്രദേശത്തെ വൃക്ഷങ്ങളിലാണ് ഇവ കൂട്ടത്തോടെ ചേക്കേറിയിരിക്കുന്നത്. പ്രദേശത്തെ വീടുകളിലെ കിണറുകളും ഇവയുടെ കാഷ്ഠംമൂലം മലിനമാകുകയാണ്.
നിപ രോഗത്തിന് പ്രധാനകാരണമെന്നു വൈദ്യശാസ്ത്രം കണ്ടെത്തിയ വൈറസ് പരത്തുന്ന വവ്വാലുകള്‍ ഈ പ്രദേശം കൈയടക്കിയിരിക്കുന്നത് ജനങ്ങളെ ഭീതിയിലാക്കുന്നു. അധികൃതരുടെ ഭാഗത്തുനിന്നും വവ്വാലുകളെ തുരത്താനുള്ള നടപടികള്‍ ഉണ്ടാകണമെന്നാണു നാട്ടുകാരുടെ ആവശ്യം.
വാര്‍ഡ് മെംബര്‍ റെന്‍സന്‍ കെ. രാജന്, സ്ഥലം എംഎല്‍എയും മന്ത്രിയുമായ വീണാ ജോർജിനു പരാതി നല്‍കിയെങ്കിലും ഒരു നടപടിയും ഉണ്ടായില്ലെന്ന് നാട്ടുകാര്‍ കുറ്റപ്പെടുത്തുന്നു. ഇതുകൂടാതെ ജില്ലാ കളക്ടര്‍ക്ക് പ്രദേശവാസികളും പരാതി നല്‍കിയിട്ടുണ്ട്.