കൊച്ചി: കെഎസ്എഫ്ഇയില്‍ മുക്കുപണ്ടം പണയം വച്ച് പല തവണകളായി 32 ലക്ഷം രൂപ തട്ടിയ രണ്ടംഗ സംഘം പിടിയിലായ കേസില്‍ പ്രതി രേഖ മുൻപും നാലര ലക്ഷത്തിലധികം രൂപ തട്ടിയെടുത്തെന്ന് പോലീസ്. കേസുമായി ബന്ധപ്പെട്ട് എറണാകുളം മഞ്ഞുമ്മല്‍ മനക്കപ്പറമ്പില്‍ രേഖ(45), തൃപ്പൂണിത്തുറ സ്വദേശി ജയ് ഗണേഷ്(42) എന്നിവരെയാണ് ചേരാനെല്ലൂര്‍ പോലീസ് ഇന്‍സ്പെക്ടര്‍ സൈജു കെ. പോള്‍, എസ്ഐ ജി. സുനില്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്ത്.
പല തവണകളായി വള മാത്രം പണയംവയ്ക്കുന്നതില് സംശയം തോന്നിയ കെഎസ്എഫ്ഇ ജീവനക്കാര്‍ വിവരം പോലീസിനെ അറിയിച്ചതിനെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് സംഘം പിടിയിലായത്.
തട്ടിപ്പ് നടത്തിയത് ഹോം നഴ്സിംഗ് സ്ഥാപനത്തിന്റെ മറവില്‍
മഞ്ഞുമ്മലില്‍ പ്രഗതി നഴ്സിംഗ് ഹോം എന്ന സ്ഥാപനത്തിന്റെ മറവിലാണ് രേഖ മുമ്പ് തട്ടിപ്പ് നടത്തിയത്. ഹോം നഴ്സായി ജോലിയില്‍ പ്രവേശിക്കുന്നവരുടെ ശമ്പളം ഉള്‍പ്പെടെയുള്ള കാര്യങ്ങൾ ഇവരുടെ കൈയിലേക്കാണ് വാങ്ങിയിരുന്നത്. ഇടനിലക്കാരിയായി പ്രവര്‍ത്തിച്ചിരുന്ന രേഖ പിന്നീട് ഏകദേശം നാലര ലക്ഷത്തോളം രൂപയുമായി മുങ്ങുകയായിരുന്നു. ഈ സംഭവത്തില്‍ ഇവര്‍ക്കെതിരേ ഏലൂര്‍ പോലീസ് സ്റ്റേഷനില്‍ ഏഴു കേസുകള്‍ നിലവിലുണ്ട്. അതിനുശേഷം ജോലി ചെയ്തിരുന്ന മറ്റൊരു സ്ഥാപനത്തിലും ഇവര്‍ തട്ടിപ്പ് നടത്തി മുങ്ങി.
മുക്കുപണ്ടങ്ങള്‍ എത്തിച്ചിരുന്നത് വിമാന മാര്‍ഗം
ചെന്നൈയിലെ വിവിധ ജ്വല്ലറികളില്‍നിന്നും സ്വര്‍ണം പൂശിയ ചെമ്പ് വളകള്‍ വിമാന മാര്‍ഗവും ബസ് മാര്‍ഗവും ആയിരുന്നു ഇവര്‍ കൊച്ചിയില്‍ എത്തിച്ചിരുന്നത്. പത്ത് ഗ്രാം ആഭരണത്തില്‍ രണ്ടു ഗ്രാം മാത്രമായിരുന്നു സ്വര്‍ണം ഉണ്ടായിരുന്നുള്ളൂ. ബാക്കി ചെമ്പിലായിരുന്നു ആഭരണത്തിന്റെ നിര്‍മിതി.
എന്നാല്‍ ഇത് മുക്കുപണ്ടം ആണെന്ന് തിരിച്ചറിയാന്‍ പ്രയാസമായിരുന്നുവെന്നു പോലീസ് പറയുന്നു. കെഎസ്എഫ്ഇയില്‍ ഇത് ഒര്‍ജിനല്‍ സ്വര്‍ണമാണെന്ന് വിശ്വസിപ്പിച്ചാണ് പണയപ്പെടുത്തിയിരുന്നത്. പിടിയിലായ ജയ് ഗണേഷ് ജില്ലയിലെ വിവിധ സ്ഥാപനങ്ങളില്‍ സ്വര്‍ണത്തിന്റെ ഗുണനിലവാരം പരിശോധിക്കുന്ന ആളാണ്. സാമ്പത്തിക പ്രതിസന്ധിയുടെ പേരു പറഞ്ഞ് പരിചയത്തിലായ ഇയാളുമായി ചേര്‍ന്ന് രേഖ തട്ടിപ്പ് നടത്തുകയായിരുന്നു.
കൂടുതല്‍ മുക്കുപണ്ടങ്ങള്‍ ഉണ്ടോയെന്ന് പരിശോധന
ചേരാനെല്ലൂര്‍ കെഎസ്എഫ്ഇ ബ്രാഞ്ചില്‍ മുക്കുപണ്ടം പണയം വച്ച് നിരവധി തവണകളായി ഇവര്‍ കൈക്കലാക്കിയത് 32 ലക്ഷത്തോളം രൂപയായിരുന്നു. സ്ഥിരമായി ഈ യുവതി സ്വര്‍ണം പണയം വച്ച് പണമെടുക്കുന്നതില് സംശയം തോന്നിയ കെഎസ്എഫ് ഇ അധികൃതര്‍ സ്വര്‍ണം ഉരച്ച് പരിശോധിച്ചപ്പോഴാണ് ഉള്ളില്‍ ചെമ്പാണെന്ന് തെളിഞ്ഞത്. തുടര്‍ന്ന് പോലീസില്‍ വിവരമറിയിക്കുകയായിരുന്നു.
ഒരു മാസത്തിനിടെ ആറു പ്രാവശ്യമാണ് ഇവര്‍ ആഭരണങ്ങള്‍ പണയം വയ്ക്കാനെത്തിയത്. വളകളായിരുന്നു കൊണ്ടുവന്നത്. ബ്രാഞ്ചില്‍ ബാക്കിയുള്ള ആഭരണങ്ങള്‍ ഇന്ന് പോലീസ് പരിശോധിക്കും. പ്രതികളെ കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി അടുത്ത ദിവസം കസ്റ്റഡിയില്‍ വാങ്ങും. ചോദ്യം ചെയ്യലില്‍ സമാനരീതിയില്‍ തട്ടിപ്പ് നടത്തിയതായി കണ്ടെത്തിയിട്ടില്ലെന്നു പോലീസ് പറഞ്ഞു. സംഭവത്തില്‍ കൂടുതല്‍ പ്രതികള്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് പോലീസ് പരിശോധിച്ച് വരുകയാണ്.