പാരീസ്: സെയ്ൻ നദിയിൽ പാരീസ് ഒളിന്പിക്സിലെ പുരുഷന്മാരുടെയും വനിതകളുടെയും ട്രയാത്തലണിലെ നീന്തൽ മത്സരങ്ങൾ നടത്തി. നദിയിലെ മലിനീകരണത്തിന്റെ തോത് സംബന്ധിച്ച് ആഴ്ചകൾ നീണ്ട ആശങ്കകൾക്കാണ് വിരാമമായത്.
നദിയിലെ മലിനീകരണ തോത് അപകടകരമായ രീതിയിൽ ഉയർന്നതിനെത്തുടർന്ന ചൊവ്വാഴ്ച നടക്കേണ്ട പുരുഷന്മാരുടെ നീന്തൽ മത്സരങ്ങൾ മാറ്റിവച്ചിരുന്നു. ജല പരിശോധനയിൽ ജലത്തിലെ അപകടകാരികളായ ബാക്ടീരികളുടെ അളവിൽ കുറവുകണ്ടെത്തിയാൽ മത്സരങ്ങൾ ഇന്നലെ നടത്താനാ യിരുന്നു തീരുമാനം. പരിശോധനാഫലം അനുകൂലമായതോടെ സംഘാടകർക്ക് ആശ്വാസമായി. മത്സരങ്ങൾ നടത്തുകയും ചെയ്തു.
ഇന്നലെ തന്നെയാണു വനിതകളുടെ മത്സരങ്ങളും ക്രമീകരിച്ചത്. ഇതിനാൽ ആദ്യം വനിതകളുടെ നീന്തലും തുടർന്നു പുരുഷന്മാരുടെ മത്സരവും നടത്തി. ഇന്നലെയും മത്സരങ്ങൾ നടന്നിരുന്നില്ലെങ്കിൽ ജലം ശുദ്ധിയാകുന്നതുവരെ കാത്തിരിക്കേണ്ട അവസ്ഥ സംഘാടകർക്കുണ്ടായേനേ. വെള്ളിയാഴ്ചയാണ് നീന്തൽ മത്സരങ്ങൾ നടത്തേണ്ട അവസാന ദിവസം.