മാന്നാർ: പതിനഞ്ചു വർഷം മുൻപ് കാണാതായ ഇരമത്തൂർ പായിക്കാട്ട് മീനത്തേതിൽ കലയെ കൊന്ന കുഴിച്ച് മൂടിയ കേസിൽ കൊലപാതകം നടത്തിയതെന്ന് കരുതുന്ന കാർ അന്വേഷണ സംഘം കൊല്ലം കൊട്ടിയത്ത് കണ്ടെത്തി.
വെള്ള മാരുതി ആൾട്ടോ കാർ ആണ് പോലീസ് കണ്ടെടുത്തത്. വാടകയ്ക്കെടുത്ത ഈ വാഹനത്തിൽ സഞ്ചരിച്ചാണ് അനിൽ കലയെ കൊലപ്പെടുത്തിയതെന്നാണ് നിഗമനം. കേസിലെ രണ്ടാം പ്രതി പ്രമോദിനു മാന്നാർ സ്വദേശി മഹേഷ് വാടകയ്ക്കു കൊടുത്തതായിരുന്നു ഈ കാർ. പിന്നീടു വിറ്റ കാർ പല ഉടമകൾ മാറിയാണു കൊല്ലത്തെത്തിയത്.
കാർ കോടതിയിൽ ഹാജരാക്കി. കലയുടെ ഭർത്താവായ ഒന്നാം പ്രതി അനിലിനു വേണ്ടിയാണു പ്രമോദ് ഈ കാർ വാടകയ്ക്കെടുത്തതെന്നു പോലീസ് കണ്ടെത്തിയിട്ടുണ്ട്.
പ്രദേശത്തു കാർ വാടകയ്ക്കു കൊടുക്കുന്നവരിൽ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണമാണു മഹേഷിലെത്തിയത്. കലയുടെ ഭർത്താവ് ചെന്നിത്തല ഇരമത്തൂർ കണ്ണമ്പള്ളിൽ അനിലിനെ (45) ഒന്നാം പ്രതിയാക്കിയും അനിലിന ബന്ധുക്കളും സുഹൃത്തുക്കളുമായ ചെന്നിത്തല ഇരമത്തൂർ കണ്ണമ്പള്ളിൽ ജിനു ഗോപി (48), കണ്ണമ്പള്ളിൽ സോമരാജൻ (55), കണ്ണമ്പള്ളിൽ പ്രമോദ് (45) എന്നിവർ രണ്ടും മൂന്നും നാലുംപ്രതികളായും കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചത്. ഇതിൽ അറസ്റ്റിലായ രണ്ടും മൂന്നും നാലുംപ്രതികൾ റിമാൻഡിലാണ്.