മുണ്ടക്കയം: കിഴക്കന്മലയോരങ്ങളെ കരിമേഘം പുതയ്ക്കുമ്പോഴൊക്കെ മുണ്ടക്കയം, പെരുവന്താനം, കൊക്കയാര്‍ ഗ്രാമവാസികളുടെ നെഞ്ചിടിപ്പ് ഉയരും. ഒരാഴ്ചയായി തിമര്‍ത്തുപെയ്യുന്ന മഴയിൽ ഇവരുടെ കണ്ണീരോര്‍മകള്‍ 2021 ഒക്ടോബര്‍ 16 ശനിയാഴ്ചയിലേക്കു മടങ്ങും.
കൂട്ടിക്കല്‍, ഏന്തയാര്‍, വടക്കേമല, കാവാലി, പ്ലാപ്പള്ളി, പൂവഞ്ചി മലയോരങ്ങളെ പ്രകമ്പനം കൊള്ളിച്ച് ആ നട്ടുച്ചയ്ക്കു പൊട്ടിയ ആറേഴ് ഉരുളുകള്‍ 21 മനുഷ്യജീവനുകളെയും തലമുറകളുടെ നീക്കിയിരുപ്പുകളെയുമാണു കവര്‍ന്നെടുത്തത്. പ്രളയപ്പാച്ചിലില്‍ ഇരുനൂറു വീടുകളും ഏക്കര്‍കണക്കിനു കൃഷിയിടങ്ങളും പുഴ വകഞ്ഞെടുത്തു. രാവിലെ ഏഴിനു തുടങ്ങിയ പെരുമഴയ്ക്ക് അല്‍പ്പമൊരു ശമനമുണ്ടായത് വൈകുന്നേരം നാലോടെയാണ്.
ആ ദുരന്ത മധ്യാഹ്നത്തില്‍ പകച്ചുനിന്ന ജനങ്ങളിലേക്കു ദുരന്തവാര്‍ത്തകളും ഒന്നിനു പിന്നാലെ അലയടിച്ചുവന്നു. കറുത്തവാവിനെന്നപോലെ തുള്ളിക്കൊരു കുടം പെയ്ത്തില്‍ ഇരുണ്ടുകിടന്ന പകല്‍. അയല്‍വീടുകളിലെ നിലവിളികേട്ട് ഓടിയെത്താന്‍ ആ സായാഹ്നത്തില്‍ ഒരിടത്തും വൈദ്യുതിയും വെളിച്ചവുമില്ല. റോഡുകള്‍ അപ്പാടെ ഒലിച്ചുപോയി. മലകള്‍ ഇടിഞ്ഞൊഴുക്കിയ മണിക്കൂറുകള്‍. എവിടെയോക്കെ ആരൊക്കെയോ മണ്ണില്പ്പൂണ്ടുപോയെന്നറിഞ്ഞെങ്കിലും രക്ഷാപ്രവര്‍ത്തനം അതിദുഷ്കരമായിരുന്നു.
പരിക്കേറ്റവരെ ആശുപത്രികളിലെത്തിക്കാനും പുറംലോകവുമായി ബന്ധപ്പെടാനുമാകാത്ത വിധം ഗ്രാമങ്ങള്‍ ഒറ്റപ്പെട്ടുപോയി. കൂട്ടിക്കല്‍ ടൗണ്‍ ഏറെക്കുറെ ഒലിച്ചുപോയിരുന്നു. കാവാലിയില്‍ മൂന്നു കുട്ടികള്‍ ഉള്‍പ്പെടെ ആറംഗ കുടുംബത്തിന്റെ വീടുകളെ പുഴ വിഴുങ്ങി. പ്ലാപ്പള്ളിയില്‍ നാലുപേരും പൂവഞ്ചിയില്‍ ഏഴു പേരും ഉരുള്‍പൊട്ടലില്‍ ഒലിച്ചുപോയി. മുണ്ടക്കയത്തുനിന്നു രക്ഷാപ്രവര്‍ത്തകര്‍ക്ക് എത്താന്‍ പറ്റാത്ത വിധം റോഡുകള്‍ മുറിഞ്ഞു.
പുല്ലകയാറും മണിമലയാറും ചരിത്രപ്രയാണത്തിലെ ഏറ്റവും വലിയ പ്രളയങ്ങള്‍ക്കു സാക്ഷ്യം വഹിച്ചു. മുണ്ടക്കയം, എരുമേലി, മണിമല, കോട്ടാങ്ങല്‍ തുടങ്ങിയ നഗരങ്ങളില്‍ ഇരുപതടിയോളം വെള്ളം ഉയര്‍ന്നു. നിരവധി വാഹനങ്ങളും വീടുകളും ജന്തുജാലങ്ങളും ഒഴുകിപ്പോയി.
ഓരോ പ്രകൃതിദുരന്തവും ദേശവാസികളുടെ മനസില്‍ ഇപ്പോഴും ഭീതിയുടെ ഇടിമുഴക്കം തീര്‍ക്കുകയാണ്. ഉരുള്പൊട്ടിലിനും മണ്ണിടിച്ചിലിനും പിന്നാലെ മല മുകളില്‍ ഇപ്പോഴും ചെരിഞ്ഞുനില്‍ക്കുന്ന പാറക്കൂട്ടള് ഇപ്പോഴും ഭീഷണിയാണ്. ഇനിയൊരു ദുരന്തം താങ്ങാന്‍ ശേഷിയില്ലാത്തവരാണു മലയോരവാസികള്‍.
കരുതല്‍ ഇങ്ങനെ
വയനാട് മഹാദുരന്തത്തിന്റെയും മഴക്കെടുതിയുടെയും പശ്ചാത്തലത്തില്‍ കൂട്ടിക്കല്‍ പഞ്ചായത്ത് തികഞ്ഞ ജാഗ്രതിയിലാണ്. ഏതു ദുരിത സാഹചര്യത്തിലും ഏന്തയാര്‍ മര്‍ഫി, കൂട്ടിക്കല്‍ സെന്റ് ജോര്‍ജ് സ്കൂളുകളില്‍ പുനരധിവാസം ഒരുക്കും. ഇതിനായി ഫണ്ടും കരുതലുണ്ട്. പഞ്ചായത്തിനു സ്ഥിരമായ പുനരധിവാസ സെന്റര്‍ നിര്‍മിക്കാന്‍ ഇളംകാട്ടിലും തേന്‍പുഴയിലും സ്ഥലം വാങ്ങിയിട്ടുണ്ട്.
തൊഴിലാളികളുടെ ഭീതി
മുണ്ടക്കയം മലയോരമേഖലയിലെ എസ്റ്റേറ്റ് തൊഴിലാളികള്‍ പാര്‍ക്കുന്ന ലയങ്ങള്‍ 100 വര്‍ഷത്താളം പഴക്കമുള്ളവയും ചോര്‍ന്നൊലിക്കുന്നതുമാണ്. കലിങ്കല്ലില് പണിത ഭിത്തിയും മുകളില്‍ കാലപ്പഴക്കം ചെന്ന മേല്‍ക്കൂരയും. ഇതിനുള്ളിലാണ് രണ്ടായിരം തൊഴിലാളി കുടുംബങ്ങള്‍ കഴിയുന്നത്.
സാന്റോ ജേക്കബ്