തിരുവനന്തപുരം: ഉച്ചഭക്ഷണ ഫണ്ട് സർക്കാർ നൽകാത്തതിനെ തുടർന്ന് കടക്കെണിയിലായ സ്കൂൾ പ്രഥമാധ്യാപകർക്ക് ആശ്വസിക്കാം. അധ്യയന വർഷത്തിന്റെ ആദ്യ മാസമായ ജൂണിൽ പ്രത്യേക പോഷകാഹാര പദ്ധതിയിൽ ഉൾപ്പെടുത്തി പാലും മുട്ടയും കുട്ടികൾക്കു വിതരണം ചെയ്തതിനു ചെലവായ തുക വിദ്യാഭ്യാസ വകുപ്പ് അനുവദിച്ചു.
കുട്ടികൾക്ക് പാലും മുട്ടയും വിതരണം ചെയ്ത വകയിലുള്ള ജൂണിലെ തുകയായ 22.67 കോടി രൂപയാണ് അനുവദിച്ചത്. ഹൈക്കോടതി ഇടപെടലിനെ തുടർന്നായിരുന്നു നടപടി. സംസ്ഥാനത്തെ 12,000ത്തോളം വരുന്ന സ്കൂളുകളിലെ 26.24 ലക്ഷം കുട്ടികൾക്ക് ജൂണിലെ നാല് ആഴ്ചകളിൽ വിതരണം ചെയ്ത പ്രത്യേക പോഷകാഹാരത്തിനായി ചെലവഴിച്ച തുകയാണ് അനുവദിച്ചത്.
എട്ടുവരെ ക്ലാസുകളിലെ കുട്ടികൾക്ക് ആഴ്ചയിൽ രണ്ടു ദിവസമാണ് പാലും മുട്ടയും വിതരണം ചെയ്യുന്നത്. 150 മില്ലി ലിറ്റർ വീതം പാലും ഒരു മുട്ടയും വീതമാണു നൽകേണ്ടത്. ഒരു ആഴ്ചയിൽ വേണ്ടിവരുന്ന 300 മില്ലി ലിറ്റർ പാലിന് 15.60 രൂപയും മുട്ട ഒന്നിന് ആറു രൂപയും കണക്കാക്കി സംസ്ഥാനത്തിന്റെ അധിക സഹായം എന്ന നിലയിലാണ് തുക അനുവദിച്ചത്.
സംസ്ഥാന പോഷകാഹാര പദ്ധതിക്കു പ്രത്യേക തുക അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാന അധ്യാപകരുടെ സംഘടനയായ കെപിപിഎച്ച്എ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഉച്ചഭക്ഷണ പദ്ധതിയുടെ സാന്പത്തിക ബാധ്യത പ്രധാനാധ്യാപകർ വഹിക്കുന്നില്ലെന്നും മേൽനോട്ട ചുമതല മാത്രമാണ് ഇവർക്കുള്ളതെന്നുമുള്ള സെൻട്രൽ സ്കീം നിർദേശം കോടതി അംഗീകരിച്ചിരുന്നു.
സ്റ്റേറ്റ് സ്കീമിൽ ഇത് പ്രധാനാധ്യാപകർക്ക് സാന്പത്തിക ബാധ്യതയുണ്ടാക്കുന്നുവെന്നുള്ള വാദവും കോടതി അംഗീകരിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട വിശദമായ റിപ്പോർട്ടും കോടതി തേടിയിരുന്നു.
കെ. ഇന്ദ്രജിത്ത്