വാഷിംഗ്ടൺ: യുഎസ് വൈസ് പ്രസിഡന്റും പ്രസിഡന്റ് സ്ഥാനാർഥിയുമായ കമല ഹാരിസിനെതിരേ വംശീയാധിക്ഷേപം നടത്തി എതിർസ്ഥാനാർഥിയും മുൻ പ്രസിഡന്റുമായ ഡോണാൾഡ് ട്രംപ്. കമല ഇന്ത്യനോ കറുത്തവർഗക്കാരിയോ എന്നായിരുന്നു ട്രംപിന്റെ ചോദ്യം.
വിഭജനത്തിന്റെയും അനാദരവിന്റെയും പഴയ പ്രദർശനം തന്നെയാണ് ട്രംപിന്റെ ഭാഗത്തുനിന്നുണ്ടായതെന്ന് കമല തിരിച്ചടിച്ചു. കമല ഹാരിസ് കറുത്തവർഗക്കാരിയാണെന്ന് തനിക്കറിയില്ലായിരുന്നെന്ന് ട്രംപ് പറഞ്ഞു.
“താൻ കറുത്തവർഗക്കാരിയാണെന്ന് അവർ അവകാശപ്പെടുന്നതുവരെ എനിക്കതറിയില്ലായിരുന്നു. അവരുടെ ഏഷ്യൻ-അമേരിക്കൻ പൈതൃകമാണ് അവർ എടുത്തുകാട്ടിയിരുന്നത്. വളരെ നാളുകളായി കമല ഇന്ത്യൻ വംശജയാണെന്നാണു ഞാൻ ധരിച്ചിരുന്നത്.
കറുത്തവർഗക്കാരിയെന്ന് അടുത്തിടെ അവർ പറയുന്നതുവരെ എനിക്കതറിയില്ലായിരുന്നു. ഇപ്പോൾ അവർ കറുത്ത വംശജയായി അറിയപ്പെടാൻ താത്പര്യപ്പെടുന്നു. അതുകൊണ്ട് എനിക്കറിയില്ല. അവർ ഇന്ത്യക്കാരിയോ അതോ കറുത്ത വംശജയോ?”– ട്രംപ് ചോദിച്ചു.
ഷിക്കാഗോയിൽ കറുത്ത വംശജരായ മാധ്യമപ്രവർത്തകരുടെ കൺവൻഷനിൽ സംസാരിക്കുമ്പോഴായിരുന്നു ട്രംപിന്റെ വിവാദ പരാമർശം. ട്രംപിന്റെ പരാമർശത്തിനു ഹൂസ്റ്റണിൽ നടന്ന പരിപാടിയിലാണ് കമല ഹാരിസ് മറുപടി നൽകിയത്. ട്രംപ് നടത്തിയത് വിഭജനത്തിന്റെയും അനാദരവിന്റെയും പഴയകാല പ്രദർശനമാണെന്ന് കമല പറഞ്ഞു.
“അമേരിക്കൻ ജനത മികച്ചത് അർഹിക്കുന്നുണ്ട്. വ്യത്യസ്തതകൾ നമ്മെ ഭിന്നിപ്പിക്കുന്നില്ലെന്നു മനസിലാക്കുന്ന നേതാവിനെ, വ്യത്യസ്തതകൾ നമ്മുടെ ശക്തിയുടെ അവശ്യ സ്രോതസാണെന്ന് മനസിലാക്കുന്ന നേതാവിനെ അമേരിക്ക അർഹിക്കുന്നു”- കമല ഹാരിസ് പറഞ്ഞു.