പയ്യന്നൂര്‍: ആകര്‍ഷകമായ ലാഭം വാഗ്ദാനം ചെയ്ത് ഓണ്‍ലൈന്‍ ഷെയര്‍ ട്രേഡിംഗിലൂടെ ഒരുകോടിയോളം രൂപ തട്ടിയെടുത്തതായി പരാതി.
പയ്യന്നൂരിലെ വി.വി. ഗണേശന്റെ പരാതിയിൽ ജിഎസ്എഎം (ഗോള്‍ഡ് മാന്‍ സച്സ് അസിസ്റ്റ് മാനേജ്മെന്റ്) എന്ന സ്ഥാപനത്തിനെതിരെ വഞ്ചനാ കുറ്റത്തിനും ഐടി ആക്ട് പ്രകാരവും പയ്യന്നൂര്‍ പോലീസ് കേസെടുത്തു.
ജൂലൈ മൂന്നു മുതല്‍ 20 ദിവസത്തിനകമാണ് കേസെടുത്തത്. പരാതിക്കാരനെ സ്ഥാപനത്തിന്റെ ആളുകള്‍ വാട്സാപ് വഴി ബന്ധപ്പെട്ടാണ് ഷെയറെടുത്താല്‍ ലഭിക്കുന്ന ആകര്‍ഷകമായ ലാഭം വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയത്.
ഇതില്‍ വിശ്വസിച്ച പരാതിക്കാരന് ഫെഡറല്‍ ബാങ്കിലേയും യൂക്കോ ബാങ്കിലേയും അക്കൗണ്ടുകളില്‍നിന്നു 97,40,000 രൂപ ജിഎസ്എഎം എന്ന സ്ഥാപനത്തിന്റെ അക്കൗണ്ടുകളിലേക്ക് പല തവണകളായി ഓണ്‍ലൈനായി നിക്ഷേപിക്കുകയായിരുന്നു. എന്നാല്‍ പ്രതിസ്ഥാനത്തുള്ള സ്ഥാപനം വാഗ്ദാനങ്ങള്‍ പാലിക്കാതെ വഞ്ചിക്കുകയായിരുന്നുവെന്ന പരാതിയിലാണു പോലീസ് കേസെടുത്തത്.