വടക്കാഞ്ചേരി: വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ദുഃഖാചരണം നടക്കുന്പോൾ മുള്ളൂർക്കരയിൽ സിപിഎം പ്രവർത്തകർ ആഹ്ലാദപ്രകടനം നടത്തിയത് വിമർശനത്തിനിടയാക്കുന്നു.
കഴിഞ്ഞദിവസം മുള്ളൂർക്കര പഞ്ചായത്തിലെ വണ്ടിപ്പറന്പ് വാർഡിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർത്ഥി വിജയിച്ചതിനെ തുടർന്നാണ് സിപിഎം പ്രവർത്തകർ പടക്കം പൊട്ടിച്ച് ആഹ്ലാദപ്രകടനം നടത്തിയത്. സംസ്ഥാനത്ത് മൂന്നു ദിവസത്തെ ദുഃഖാചരണം നടക്കുന്പോഴായിരുന്നു ഇത്.
സിപിഎം പ്രവർത്തകർ മദ്യലഹരിയിലായിരുന്നുവെന്നും ആരോപണമുണ്ട്. കോണ്ഗ്രസ് സ്ഥാനാർഥിയായി മത്സരിച്ച നേതാവിന്റെ വീട്ടിലേക്ക് ഇവർ പടക്കം എറിയാൻ പോകുന്പോൾ വഴി തെറ്റി വാഹനം ചെളിയിൽ പുതഞ്ഞതായും പറയുന്നു.
ഇവരെ തല്ലാൻ കോണ്ഗ്രസ് പ്രവർത്തകർ പിന്നാലെയോടുന്ന ദൃശ്യം സമീപത്തെ സിസിടിവി കാമറയിൽ പതിഞ്ഞിട്ടുണ്ടെന്നും പറയപ്പെടുന്നു. ഏതായാലും ദുഃഖാചരണവേളയിൽ ആഹ്ലാദപ്രകടനം നടത്തിയത് കടുത്ത വിമർശനത്തിനിടയാക്കിയിട്ടുണ്ട്.