കൽപ്പറ്റ: പ്രകൃതി സംഹാര താണ്ഡവമാടിയപ്പോൾ പുഞ്ചിരിമട്ടത്തെ കന്നുകാലി ഫാമിൽ ഒരു കൂട്ടം മിണ്ടാപ്രാണികൾ ഉടമയെ കാത്ത് കിടക്കുകയാണ്. ഭക്ഷണമോ വെള്ളമോ കിട്ടാതെ പുറത്ത് എന്താണ് സംഭവിക്കുന്നതെന്ന് അറിയാതെ അവർ കരഞ്ഞ് നിലവിളിച്ചു. ഭക്ഷണമോ വെള്ളമോ ലഭിക്കാതെ നാല് ദിവസമാണ് കാലിത്തൊഴുത്തിൽ 23 പശുക്കൾ കഴിഞ്ഞ് കൂടിയത്.
അഗ്നിരക്ഷാ സേന ഉദ്യോഗസ്ഥരും ഡോക്ടർമാരും സംഭവമറിഞ്ഞ് ഫാമിലേക്ക് എത്തിയപ്പോൾ നന്ദിയിൽ കുതിർന്ന കണ്ണുനീരിനൊപ്പം പുല്ലും വെള്ളവും നൽകി പോറ്റിയ തങ്ങളുടെ ഉടമ ഇക്കൂട്ടത്തിൽ ഉണ്ടോയെന്ന് നാൽക്കാലികളുടെ കണ്ണുകൾ പരതി. 23 പശുക്കളിൽ 14 പേർ കിടാവുകളായിരുന്നു.
ശരീരമാസകലം മുറിവുകളും വീർത്ത അകിടുമായി കിടന്ന കാലിക്കൂട്ടങ്ങളെ അഗ്നിരക്ഷാ സേന ഉദ്യോഗസ്ഥർ അഴിച്ചുവിട്ടു.
അവരുടെ നിലവിളികൾക്ക് സാന്ത്വനമേകാൻ മുറിവുകളിലെല്ലാം ഡോക്ടർമാർ മരുന്ന് പുരട്ടി. ആവശ്യത്തിന് ഭക്ഷണം നൽകി. അകിടുകൾ കറന്നു. പാൽ കെട്ടിനിന്ന് വീർത്ത അകിടിൽ നിന്നും കറന്ന് കളഞ്ഞപ്പോൾ മിണ്ടാപ്രാണികൾക്ക് ഉയിര് കിട്ടിയ പ്രതീതി ആയിരുന്നു. കൂട്ടത്തിൽ ഒരു പശുവിന്റെ ജീവൻ രക്ഷിക്കാൻ സാധിക്കാഞ്ഞത് ഏവരേയും കണ്ണീരിലാഴ്ത്തി.