കൊച്ചി: വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യണമെന്ന അഭ്യര്ഥനയ്ക്കെതിരെ പ്രചാരണം നടത്തിയതിന് ജില്ലയില്‍ ഒരു കേസു കൂടി രജിസ്റ്റര്‍ ചെയ്തു.
എറണാകുളം റൂറലിലാണ് ഇന്നലെ ഒരു കേസ് കൂടി രജിസ്റ്റര്‍ ചെയ്തത്. ഇതോടെ കേസുകളുടെ എണ്ണം നാലായി. കഴിഞ്ഞ ദിവസം എറണാകുളം റൂറലില്‍ ഒരു കേസും കൊച്ചി സിറ്റിയില്‍ രണ്ടു കേസുകളും രജിസ്റ്റര്‍ ചെയ്തിരുന്നു. കേസുകളില്‍ സൈബര്‍ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.
സംസ്ഥാന വ്യാപകമായി 39 എഫ് ഐ ആര് രജിസ്റ്റര്‍ ചെയ്തു. വ്യാജ പ്രചാരണം നടത്തിയ 279 സാമൂഹ്യ മാധ്യമ അക്കൗണ്ടുകള്‍ നീക്കം ചെയ്യുന്നതിന് നിയമപ്രകാരമുള്ള നോട്ടീസ് നല്കി.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിക്കെതിരേയുള്ള വ്യാജപ്രചാരണങ്ങള്‍ നിരീക്ഷിക്കുന്നതിന് സാമൂഹ്യമാധ്യമങ്ങളില്‍ സൈബര്‍ പോലീസിന്റെ പട്രോളിംഗ് ശക്തമാക്കി. ഇത്തരത്തില്‍ പോസ്റ്റുകള്‍ നിര്‍മിക്കുകയും ഷെയര്‍ ചെയ്യുകയും ചെയ്യുന്നവര്‍ക്കെതിരേ നിയമനടപടികള്‍ സ്വീകരിക്കുമെന്നു പോലീസ് പറഞ്ഞു.