കാഞ്ഞിരം: വയനാട്ടിലെ ഉരുൾപ്പൊട്ടലിൽ ദുരന്തമനുഭവിക്കുന്നവർക്ക് കൈത്താങ്ങായി ദിനംതോറും നിരവധി ആളുകളാണ് എത്തുന്നത്. സിനിമാ താരങ്ങൾ മുതൽ വ്യവസായ പ്രമുഖർ വരെയുള്ളവരാണ് സഹായ ഹസ്തവുമായി വയനാടിനെ ചേർത്തു പിടിക്കുന്നത്.
ഇതിനിടെ, ദുരന്തത്തിൽപ്പെട്ടവർക്ക് കൈത്താങ്ങായി എത്തുകയാണ് കിളിരൂർ എസ്എൻഡിപി ഹയർ സെക്കന്ററി സ്കൂളിലെ നാലാം ക്ലാസ് വിദ്യാർഥി ശ്രേയസ് വി. എസ്. സ്വന്തമായി ഒരു സൈക്കിൾ വേണമെന്ന് പല നാളായി കൊതിച്ചിരിക്കുകയായിരുന്നു ശ്രേയസ്. അതിനായി തന്റെ കുഞ്ഞി കുടുക്കയിൽ കിട്ടുന്ന പണമെല്ലാം സൂക്ഷിച്ച് വച്ചു.
അപ്പോഴാണ് നിനച്ചിരിക്കാതെ വയനാട്ടിൽ സമഭവിച്ച മഹാ ദുരന്തം ശ്രേയസിനെ സങ്കടക്കയത്തിലേക്ക് തള്ളിയിട്ടു. തന്റെ പ്രായമുള്ളവർ ജീവിതത്തിനും മരണത്തിനുമിടയിൽ കൈകാലിട്ടടിച്ച നിമിഷങ്ങളോർത്തപ്പോൾ സൈക്കിൽ മോഹമെല്ലാം ഈ മിടുക്കൻ കാറ്റിൽ പറത്തി.
വീടു നഷ്ടപ്പെട്ട് ഇനി എന്താണ് ഭാവി എന്നറിയാതെ വിലപിക്കുന്ന വയനാട് ജനതയ്ക്കായി ഈ മൂന്നാം ക്ലാസുകാരൻ തന്റെ കുടുക്കയിലുള്ള പണം നൽകാമെന്ന് തീരുമാനിച്ചു. കുഞ്ഞു മനസിലെ മോഹം മാതാപിതാക്കളെ അറിയിക്കുകയും ചെയ്തു. ശ്രേയസിന്റെ തീരുമാനത്തെ അവർ പിന്തിരിപ്പിച്ചില്ല.
ശ്രേയസ് തന്റെ കുടുക്കയിലുള്ള രണ്ടായിരം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകുന്നതിനായി തിരുവാർപ്പ് ഗ്രാമപഞ്ചായത്ത് അംഗം സുമേഷ് കാഞ്ഞിരത്തിന് കൈമാറി. ഹെഡ്മിസ്ട്രസ് അനു പത്മനാഭൻ, ക്ലാസ് ടീച്ചർ ദേവി എന്നിവരുടെ സാനിധ്യത്തിലാണ് തുക കൈമാറിയത്. തിരുവാർപ്പ് കട്ടത്തറ പുത്തൻ പറമ്പിൽ സുജിത്തിന്റേയും രജ്ഞിനിയുടെയും മകനാണ് ശ്രേയസ്.