തിരുവനന്തപുരം: ലൈഫ് മിഷൻ വീടുകളുടെ നിർമ്മാണത്തിന് 350 കോടി രൂപ കൂടി അനുവദിച്ചു. ഗ്രാമപഞ്ചായത്തുകളിലെ 22,500 ലൈഫ് ഗുണഭോക്താക്കൾക്കു വീട് നിർമ്മാണത്തിന് നൽകാൻ ആവശ്യമായ വായ്പാ വിഹിതമാണ് അനുവദിച്ചത്. ഇവർക്കുള്ള സംസ്ഥാന സർക്കാർ വിഹിതവും ലഭിക്കും. ഇന്നുമുതൽ തുക വിതരണം ചെയ്യാനാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നു മന്ത്രി എം.ബി. രാജേഷ് അറിയിച്ചു.
2022ൽ ഗ്രാമപഞ്ചായത്തുകളിലെ ലൈഫ് ഗുണഭോക്താക്കൾക്കായി 1448.34 കോടി രൂപയുടെ വായ്പ എടുക്കാനാണ് സർക്കാർ അനുമതി നൽകിയത്. ഇതിൽ സർക്കാർ 1000 കോടിയുടെ ഗാരന്റി നൽകുകയും തുക മുന്പ് തന്നെ ഗുണഭോക്താക്കൾക്ക് കൈമാറുകയും ചെയ്തിരുന്നു.
69,217 പേർക്കാണ് തുക വിതരണം ചെയ്തത്. സംസ്ഥാന സർക്കാർ വിഹിതവും ഇവർക്ക് നൽകിയിട്ടുണ്ട്. ബാക്കിയുള്ള 448.34 കോടി രൂപയുടെ ഗാരന്റി സർക്കാർ നൽകിയതിനെ തുടർന്നാണ് ഇപ്പോൾ തുക അനുവദിച്ചിരിക്കുന്നത്.
ആവശ്യത്തിന് അനുസരിച്ച് ബാക്കി തുകയും അനുവദിക്കും. ഇതിന് പുറമെ നഗരസഭകൾക്കായി 217 കോടി രൂപ കൂടി ലഭ്യമാക്കാനുള്ള പ്രവർത്തനം അന്തിമ ഘട്ടത്തിലാണ്. ഒരു മാസത്തിനുള്ളിൽ ഈ തുക കൂടി ലഭ്യമാക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി അറിയിച്ചു.