കല്‍പ്പറ്റ: വയനാട്ടിലെ മുണ്ടക്കൈ ഉരുള്‍പൊട്ടൽ മേഖലകളില്‍ മൃതദേഹങ്ങള്‍ക്കായുള്ള തെരച്ചിലിന് തടസമായി വീടുകളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും മലവെള്ളപ്പാച്ചിലില്‍ ഒലിച്ചെത്തിയ ഗ്യാസ് സിലിണ്ടറുകൾ.മണ്ണിടനടിയില്‍ ഗ്യാസ് സിലിണ്ടര്‍ ഉണ്ടാവാനുള്ള സാധ്യത മുന്നില്‍ കണ്ട് ജെസിബി ഉപയോഗിച്ചുള്ള മണ്ണുമാറ്റി പരിശോധന വളരെ സൂക്ഷിച്ചാണ് നടക്കുന്നത്.
പല വീടുകളിൽ നിന്നും കടകളിൽ നിന്നും ഒഴുകി വന്ന 27 ഗ്യാസ് സിലിണ്ടറുകളാണ് മണ്ണ് നീക്കം ചെയ്തപ്പോള്‍ ലഭിച്ചത്. മണ്ണില്‍ പുതഞ്ഞ് ഇനിയും സിലിണ്ടറുകള്‍ ഉണ്ടാകാനുള്ള സാധ്യതയുള്ളതിനാല്‍ മണ്ണുമാന്തി യന്ത്രങ്ങള്‍ കരുതലോടെയാണ് ഉപയോഗിക്കുന്നത്. ലഭിച്ച സിലിണ്ടറുകള്‍ സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്.
തകര്‍ന്ന വീടുകളുടെ എണ്ണം വച്ചുനോക്കുമ്പോള്‍ ഇനിയും സിലിണ്ടറുകള്‍ ലഭിക്കാനുള്ള സാധ്യത ഏറെയാണ്. പലയിടത്തും മുട്ടോളം ചെളിയുണ്ട്. ഇതില്‍ പുതഞ്ഞിരിക്കാനുള്ള സാധ്യതയും ഉണ്ട്. ഇതുകൂടി മുന്നില്‍ കണ്ടുള്ള പരിശോധനയാണ് നടക്കുന്നത്. സൈന്യവും ഇന്ന് തെരച്ചിലിന് സഹായിക്കും.
ജില്ലാ ഭരണകൂടം ആവശ്യപ്പെടുന്നതുവരെ തെരച്ചില്‍ തുടരുമെന്നാണ് സൈന്യം അറിയിച്ചിരിക്കുന്നത്. ഘട്ടംഘട്ടമായി തെരച്ചില്‍ പ്രവര്‍ത്തനവും സംസ്ഥാന ഭരണകൂടത്തിന് കൈമാറാനാണ് സൈന്യത്തിന്റെ തീരുമാനം.
കൂട്ടത്തോടെ മൃതദേഹങ്ങൾ കണ്ടെടുത്ത ഇടങ്ങൾ കേന്ദ്രീകരിച്ചാണ് ഇന്ന് പരിശോധന നടത്തുന്നത്. രക്ഷപ്പെട്ടവരോ ബന്ധുക്കളോ എത്തി മൃതദേഹങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് പറയുന്ന ഇടങ്ങളിലും തെരച്ചിൽ നടക്കും