വൈപ്പിൻ: തൃശൂർ അയ്യന്തോൾ കോടതി പരിസരത്തുനിന്നും പോലീസ് കസ്റ്റഡിയിൽ നിന്നും രക്ഷപ്പെട്ട മയക്ക് മരുന്ന് കേസിലെ തടവുപുള്ളിയായ ശ്രീലങ്കൻ സ്വദേശിക്ക് വേണ്ടി പോലീസ് വൈപ്പിൻ മേഖലയിലെ ഹാർബറുകൾ കേന്ദ്രീകരിച്ചും അന്വേഷണം നടത്തുന്നു. കൊളംബോ സ്വദേശിയായ അജിത്ത് കിഷൻ (51) നെയാണ് ഹാർബറുകളിൽ തെരയുന്നത്.
മത്സ്യമേഖലയുമായി ബന്ധമുള്ള ഇയാൾ മത്സ്യതൊഴിലാളിയും ബോട്ടുടമയുമാണത്രേ. ബോട്ട് ഓടിക്കാനും അറിയാം. ഈ സാഹചര്യത്തിൽ ഇയാൾ തൃശൂരിൽനിന്നും ഏറ്റവും അടുത്ത മത്സ്യ ബന്ധന തുറുഖമായ മുനമ്പത്തെത്തി എതെങ്കിലും മത്സ്യ ബന്ധന ബോട്ടിൽ കയറി കടലിലേക്ക് പോയിട്ടുണ്ടാകുമെന്ന സംശയത്തിലാണ് പോലീസ് ഹാർബറുകൾ കേന്ദ്രീകരിച്ച് അന്വേഷണം ഊർജിതമാക്കിയിട്ടുള്ളത്.
മാത്രമല്ല ട്രോളിംഗ് നിരോധനം കഴിഞ്ഞ് ബോട്ടുകൾ കടലിൽ പോകുന്ന സമയമായിരുന്നതിനാൽ കയറിപ്പോകാനും സാഹചര്യം അനുകൂലമായിരുന്നുവെന്നതും പോലീസിന്റെ സംശയത്തിനു ആക്കം കൂട്ടുന്നു. പോലീസ് ഇയാൾക്ക് വേണ്ടി ലുക്ക് ഔട്ട് നോട്ടീസും പുറപ്പെടുവിച്ചിട്ടുണ്ട്.
മൂന്ന് വർഷം മുമ്പ് മത്സ്യ ബന്ധന ബോട്ട് വഴി ശ്രീലങ്കയിൽ നിന്ന് 337 കിലോ ഹെറോയിൻ കടത്തിയതിന് നർകോട്ടിക്ക് സെൽ പിടികൂടിയതിനെ തുടർന്ന് ഇയാൾ വിചാരണ തടവ് കാരനായി വിയ്യൂർ സെന്റർ ജയിലിൽ കഴിയുകയായിരുന്നു.
ഇതിനിടെ ജയിലിൽ മൊബൈൽ ഫോൺ ഉപയോഗിച്ച കുറ്റത്തിന് കേസ് എടുത്തതിനെ തുടർന്ന് ഇയാളെ കഴിഞ്ഞ മാസം 24 ന് അയ്യന്തോൾ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കാനായി കൊണ്ടുവന്നപ്പോഴാണ് പോലീസിനെ വെട്ടിച്ച് കടന്ന് കളഞ്ഞത്.