ലണ്ടൻ: യുകെയിൽ കുടിയേറ്റക്കാർക്കെതിരേ നടന്ന വ്യാപക ആക്രമണത്തിൽ നൂറുകണക്കിന് അക്രമികൾ അറസ്റ്റിലായി. സംഘർഷാവസ്ഥ നിയന്ത്രിക്കാനുള്ള നടപടികളിൽ പ്രധാനമന്ത്രി കീയർ സ്റ്റാർമർ പോലീസിനു പൂർണ പിന്തുണ പ്രഖ്യാപിച്ചു. ആക്രമണത്തിന്റെ ഭാഗമായവർ ഖേദിക്കേണ്ടിവരുമെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞദിവസം തുടങ്ങിയ സംഘർഷം ഇപ്പോഴും കെട്ടടങ്ങിയിട്ടില്ല.
ലിവർപൂളിനു സമീപമുള്ള സൗത്ത്പോർട്ടിൽ കഴിഞ്ഞയാഴ്ച മൂന്നു സ്കൂൾ വിദ്യാർഥിനികൾ കത്തിയാക്രമണത്തിൽ കൊല്ലപ്പെട്ടതിനെത്തുടർന്നായിരുന്നു കുടിയേറ്റക്കാർക്കെതിരേ ഞായറാഴ്ച വ്യാപക ആക്രമണം അരങ്ങേറിയത്.
വിദ്യാർഥിനികളെ കൊലപ്പെടുത്തിയത് അനധികൃത കുടിയേറ്റക്കാരനാണെന്ന വ്യാജപ്രചാരണത്തെത്തുടർന്നായിരുന്നു അക്രമപരന്പരയുണ്ടായത്. കുടിയേറ്റവിരുദ്ധ സംഘടനകളുടെ പ്രവർത്തകരെ നേരിടാൻ കുടിയേറ്റക്കാരും രംഗത്തിറങ്ങിയതോടെ സംഘർഷം കനത്തു.
സൗത്ത്പോർട്ടിലാണു കലാപം ആരംഭിച്ചത്. കുടിയേറ്റക്കാരും അഭയാർഥികളും തങ്ങുന്ന ഹോട്ടലുകൾക്കു നേർക്ക് ആക്രമണമുണ്ടായി. നിരവധി മോസ്കുകളും ആക്രമിക്കപ്പെട്ടു. നിരവധി കടകൾ തകർത്ത പ്രതിഷേധക്കാർ കടകൾ കൊള്ളയടിക്കുകയും കത്തിക്കുകയും ചെയ്തു.
കല്ലേറും പടക്കമേറും തീവയ്പും പലയിടത്തുമുണ്ടായി. ഏതാനും മലയാളികൾക്കും പരിക്കേറ്റതായി റിപ്പോർട്ടുണ്ട്. മലയാളികൾക്കു ജാഗ്രതാനിർദേശം നൽകിയിട്ടുണ്ട്.
സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി കീയർ സ്റ്റാർമർ ഇന്നലെ മുതിർന്ന മന്ത്രിമാരുടെയും പോലീസ് തലവന്മാരുടെയും അടിയന്തര യോഗം വിളിച്ചു. തീവ്ര വലതുപക്ഷക്കാരാണ് അക്രമത്തിനു പിന്നിലെന്നും തൊലിയുടെ നിറംനോക്കിയുള്ള സംഘർഷം അടിച്ചമർത്തുമെന്നും സ്റ്റാർമർ പറഞ്ഞു.
മോസ്കുകൾക്ക് കൂടുതൽ സുരക്ഷയൊരുക്കുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ലിവർപൂൾ, മാഞ്ചസ്റ്റർ, ബ്രിസ്റ്റള്, ബ്ലാക്ക്പൂൾ, റോതെർഹാം, മിഡിൽബ്രോ, ബോൾട്ടൺ എന്നിവിടങ്ങളിലും വടക്കൻ അയർലൻഡിലെ ബെൽഫാസ്റ്റിലുമാണു ഞായറാഴ്ച വ്യാപക ആക്രമണമുണ്ടായത്.
പല നഗരങ്ങളിലും പ്രതിഷേധക്കാർ പോലീസുമായി ഏറ്റുമുട്ടി. നിരവധി പോലീസുകാർക്കു പരിക്കേറ്റു.