തൃശൂർ: തൃശൂരിൽ കെ.മുരളീധരനും ആലത്തൂരിൽ രമ്യ ഹരിദാസും തോറ്റത് എന്തുകൊണ്ടെന്ന അന്വേഷണ റിപ്പോർട്ട് തയാറായി. അടുത്ത ദിവസം തന്നെ റിപ്പോർട്ട് കെപിസിസി നേതൃത്വത്തിനു കൈമാറും. ഇക്കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ കേരളമൊട്ടാകെ യുഡിഎഫ് തരംഗം അലയടിച്ചപ്പോൾ തൃശൂരിലും ആലത്തൂരിലും സംഭവിച്ച തിരിച്ചടി യുഡിഎഫിന് പ്രത്യേകിച്ച് കോണ്‍ഗ്രസിന് കനത്ത ആഘാതമായിരുന്നു.
വടകരയിൽനിന്ന് മുരളിയെ തൃശൂരിലേക്കു കൊണ്ടുവന്നു മത്സരിപ്പിച്ച് പരാജയപ്പെടുത്തിയതിന്റെ നാണക്കേട് കോണ്‍ഗ്രസിനെ അപഹാസ്യരാക്കിയിരുന്നു. മുരളിയെ പോലെ ശക്തനായ ഒരു നേതാവിനെ തോൽവിയിലേക്കു വലിച്ചിഴച്ചത് ഏറെ വിവാദങ്ങൾക്കും വഴിയൊരുക്കിയിരുന്നു.
സംഘടന പ്രശ്നങ്ങളാണ് തൃശൂരിലെയും ആലത്തൂരിൽ രമ്യ ഹരിദാസിന്റെയും തോൽവിക്കു കാരണമെന്നാണ് കമ്മീഷൻ സമർപ്പിക്കാനിരിക്കുന്ന റിപ്പോർട്ടിലുള്ളതെന്ന് സൂചനകളുണ്ട്.തോൽവിയുടെ കാര്യകാരണങ്ങൾ പരിശോധിക്കാൻ മുൻ മന്ത്രി കെ.സി. ജോസഫ്, ഐഎൻടിയുസി സംസ്ഥാന പ്രസിഡന്റ് കെ.ചന്ദ്രശേഖരൻ, ടി.സിദ്ദിഖ് എംഎൽഎ എന്നിവരടങ്ങുന്ന സമിതി അന്വേഷണം നടത്തിയിരുന്നു.
തൃശൂർ ഡിസിസി ഓഫീസിൽ സമിതി അന്വേഷണത്തിനെത്തുകയും മൊഴിയെടുക്കുകയും ചെയ്തിരുന്നു. മുരളിപക്ഷക്കാർ തെളിവെടുപ്പിൽനിന്നും മൊഴിയെടുപ്പിൽനിന്നും വിട്ടുനിന്നിരുന്നു.
തൃശൂരിൽ മുരളിയുടെ തോൽവിയെത്തുടർന്ന് ജില്ല കോണ്‍ഗ്രസ് നേതൃത്വത്തിൽ ആകെ അഴിച്ചുപണി നടന്നിരുന്നു. ഡിസിസി പ്രസിഡന്റായിരുന്ന ജോസ് വള്ളൂർ, യുഡിഎഫ് ചെയർമാൻ എം.പി. വിൻസെന്റ് എന്നിവർ രാജിവയ്ക്കുകയും മുരളി പക്ഷക്കാർ ഡിസിസി ഓഫീസിലെത്തിയപ്പോൾ സംഘർഷമുണ്ടാവുകയും ദിവസങ്ങളോളം ഡിസിസിക്കെതിരേ തൃശൂരിൽ പോസ്റ്റർ പ്രചരണമുണ്ടാവുകയും മുരളിപക്ഷക്കാരുടെ വീടിനു നേരേ ആക്രമണം നടക്കുകയുമൊക്കെയുണ്ടായി.ഇനി അന്വേഷണകമ്മീഷൻ അന്തിമ റിപ്പോർട്ട് കെപിസിസിക്കു കൈമാറുന്പോൾ എന്തെങ്കിലും നടപടി ഉണ്ടാകുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്.
പ്രചരണത്തിൽ രണ്ടിടത്തു ഗുരുതര വീഴ്ച സംഭവിച്ചെന്ന് റിപ്പോർട്ടിൽ പരാമർശമുണ്ടെന്നാണ് സൂചന. ഇതിന് ജില്ല നേതൃത്വം ഉത്തരം പറയേണ്ടി വരുമെന്നതിനാൽ കൂടുതൽ നടപടികൾക്കു സാധ്യതയുണ്ട്. ഇതുവരെ യാതൊരു നടപടിയിലും പെടാതെ നിൽക്കുന്ന നേതാക്കൾക്കെതിരേയാണു നടപടിക്കു സാധ്യതയെന്നാണ് സൂചന.തദ്ദേശ തെരഞ്ഞെടുപ്പ് വരാനിരിക്കെ കടുത്ത നടപടികളിലേക്കു കടക്കാതെ കാര്യങ്ങൾ രമ്യമായി പരിഹരിക്കാനും നീക്കമുണ്ട്.