തിരുവനന്തപുരം: ജനങ്ങളിൽനിന്നു പിരിക്കുന്ന ഫണ്ടിൽ ഇനിയും കൈയിട്ടു വാരില്ലെന്ന് ജനങ്ങൾക്ക് ഉറപ്പുകൊടുക്കേണ്ടത് മുഖ്യമന്ത്രി പിണറായി വിജയൻതന്നെയാണെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ.
പ്രളയസമയത്ത് ലോകം മുഴുവനുള്ള മലയാളികൾ ഉദാരമായി നാടിനു വേണ്ടി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയ പ്രളയ സഹായത്തെക്കുറിച്ച് ഇപ്പോൾ ഉയർന്നു വരുന്ന ചോദ്യങ്ങളിൽ കൃത്യമായ മറുപടി കൊടുക്കാൻ സർക്കാർ ബാധ്യസ്ഥമാണെന്നും ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ സുധാകരൻ പറയുന്നു.
ദുരന്തമുഖത്ത് രാഷ്ട്രീയം പറയാൻ ഞങ്ങളില്ല. സർക്കാരിന്റെ വീഴ്ചകൾ ഓരോ ദിവസവും നാട്ടുകാർ ചൂണ്ടിക്കാണിക്കുമ്പോഴും അതൊരു വിഷയമായി ഞങ്ങൾ ഉയർത്താത്തത് കോൺഗ്രസ് പ്രസ്ഥാനം പുലർത്തുന്ന ഉന്നതമായ രാഷ്ട്രീയമൂല്യങ്ങൾ കൊണ്ടാണ്. ദുരന്ത ഭൂമിയിലേക്ക് ആദ്യ ദിവസങ്ങളിൽ ഭക്ഷണവും വസ്ത്രങ്ങളും ഒക്കെ എത്തിച്ചവരുടെ രാഷ്ട്രീയം നോക്കിയിട്ട് ഇനിമുതൽ അത് വേണ്ട എന്ന് സർക്കാർ പ്രഖ്യാപിച്ചത് ദുരിതബാധിതരോട് കാണിക്കുന്ന അങ്ങേയറ്റത്തെ ക്രൂരതയാണ് .
ഈ സമയത്തും വരാൻ പോകുന്ന തെരഞ്ഞെടുപ്പുകളിലെ രാഷ്ട്രീയ ലാഭത്തെപ്പറ്റിയാണ് സിപിഎമ്മും പിണറായി വിജയനും ചിന്തിച്ചത്. ദുരന്തമുഖത്ത് കൊടിയുടെ നിറം നോക്കി പ്രവർത്തിക്കുന്നത് അവസാനിപ്പിക്കണമെന്ന് കെപിസിസി കേരള മുഖ്യമന്ത്രിയോടും സിപിഎമ്മിനോടും ആവശ്യപ്പെടുന്നുവെന്നും കെ.സുധാകരൻ പറഞ്ഞു.
വയനാട്ടിൽ 100 വീടുകൾ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസ് നിർമിച്ചു നൽകും. വീടുകൾ നിർമിച്ചു നൽകുമെന്ന് കർണാടക സർക്കാരും അറിയിച്ചിട്ടുണ്ട്. ഭരണകൂടത്തിന്റെ ചെയ്തികളെപ്പറ്റി വലിയ വിമർശങ്ങൾ ജനങ്ങളെപ്പോലെ ഞങ്ങൾക്കുമുണ്ട്.
പക്ഷേ ആ വിമർശനങ്ങൾ ദുരിതബാധിതർക്ക് സഹായം എത്തിക്കുന്നതിനെതിരെയുള്ള പ്രചാരണമാക്കാൻ മാധ്യമങ്ങൾ ഈ അവസരത്തിൽ ഉപയോഗിക്കരുതെന്ന് അഭ്യർഥിക്കുന്നു- കെ. സുധാകരൻ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.