കണ്ണൂർ: വാടക ക്വാർട്ടേഴ്സിൽ 12 കാരനെ പീഡിപ്പിച്ചെന്ന പരാതിയിൽ പോലീസുകാരൻ പോക്സോ കേസിൽ അറസ്റ്റിൽ. കണ്ണൂർ സിറ്റിയിലെ ടെലികമ്യൂണിക്കേഷൻ വിഭാഗത്തിലെ പോലീസുകാരനായ കോട്ടയം സ്വദേശി റസാഖിനെയാണ് (46) കണ്ണൂർ ടൗൺ പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ മേയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പണിഷ്മെന്റ് ട്രാൻസ്ഫറിന്റെ ഭാഗമായി കണ്ണൂരിലെത്തിയ റസാഖ് ചാലാടുള്ള വാടക ക്വാർട്ടേഴ്സിൽ താമസിക്കുമ്പോഴാണ് സംഭവം.
ക്വാർട്ടേഴ്സിന് സമീപം താമസിക്കുന്ന 12 വയസുകാരനെയാണ് പീഡിപ്പിച്ചത്. പലതും പറഞ്ഞ് ക്വാർട്ടേഴ്സിൽ എത്തിച്ച് പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പരാതി.
കഴിഞ്ഞ ദിവസമാണ് കുട്ടി രക്ഷിതാക്കളോട് സംഭവം പറയുന്നത്. ഇന്നലെ രക്ഷിതാക്കൾ ടൗൺ സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു.
കണ്ണൂർ ടൗൺ പോലീസ് കേസെടുത്ത് റാസാഖിനെ അറസ്റ്റ് ചെയ്തു. ഗാർഹിക പീഡനത്തിന്റെ പേരിൽ ഭാര്യ നൽകിയ പരാതിയെ തുടർന്ന് റസാഖ് രണ്ട് മാസമായി സസ്പെൻഷനിലായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.