കോട്ടയം: പോലീസിനുനേരേ നായയെ അഴിച്ചുവിട്ടു നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവ് കടന്നുകളഞ്ഞു. കോട്ടയം ഈസ്റ്റ് പോലീസ് സ്റ്റേഷന് പരിധിയിൽ ഇന്നലെ രാത്രി 7.30നാണു സംഭവം.
സ്ഥിരംകുറ്റവാളിയായ സൂര്യനെ തെരഞ്ഞ് നട്ടാശേരി പാറമ്പുഴയിലെ വാടകവീട്ടില്‍ എത്തിയപ്പോഴാണ് പ്രതി പിറ്റ്ബുൾ ഇനത്തിലുള്ള ആക്രമണകാരിയായ നായയെ പോലീസിനുനേരേ അഴിച്ചുവിട്ടശേഷം കടന്നുകളഞ്ഞത്.
നായയെ വിദഗ്ധമായി മുറിയില്‍ കയറ്റിയ ശേഷം നടത്തിയ പരിശോധനയില്‍ വീട്ടില്‍നിന്ന് 250 ഗ്രാം കഞ്ചാവും അഞ്ചുഗ്രാം എംഡിഎംഎയും കണ്ടെടുത്തു.
ജില്ലാ പോലീസ് മേധാവി കെ. കാര്‍ത്തിക്, ഡിവൈഎസ്പി കെ.ജി. അനീഷ് എന്നിവരുടെ നേതൃത്വത്തില്‍ പോലീസ് സംഘവും നാര്‍കോട്ടിക് സെല്‍ ഡിവൈഎസ്പി എ.ജെ. തോമസിന്റെ നേതൃത്വത്തിലുളള ലഹരി വിരുദ്ധ സ്ക്വാഡും എത്തിയിരുന്നു.
വീട് കേന്ദ്രീകരിച്ച് എംഡിഎംഎ വില്‍പ്പന നടത്തുന്നതായി വിവരം ലഭിച്ചിരുന്നു. ഇതേത്തുടർന്നാണ് ലഹരി വിരുദ്ധ സ്ക്വാഡും എത്തിയത്. പ്രതിക്കായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.