കല്‍പ്പറ്റ: വയനാട് മുണ്ടക്കൈ ഉരുൾപൊട്ടലിൽ എല്ലാ നഷ്ടപ്പെട്ടവർക്കായി താത്കാലികമായി ജനകീയ പുനരധിവാസ പദ്ധതി നടപ്പിലാക്കാനൊരുങ്ങി സര്‍ക്കാര്‍. നിലവില്‍ ക്യാമ്പില്‍ കഴിയുന്നവര്‍ക്ക് വലിയ ബുദ്ധിമുട്ടുകള്‍ നേരിടുന്നുണ്ട്. ഈ സാഹചര്യത്തില്‍ കുറച്ചുകൂടി വിപുലമായ രീതിയില്‍ പുനരധിവാസം നടപ്പിലാക്കാനാണ് തീരുമാനം.
വിഷയത്തില്‍ ഇന്ന് പഞ്ചായത്ത് പ്രസിഡന്റുമാർ, പഞ്ചായത്ത് സെക്രട്ടറിമാർ, മറ്റ് തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലെ അധികാരികൾ എന്നിവരുമായി ചർച്ച നടത്തും. നിലവില്‍ വയനാട്ടില്‍ ക്യാമ്പ് ചെയ്യുന്ന മന്ത്രിമാരായ മുഹമ്മദ് റിയാസ്, എ.കെ. ശശീന്ദ്രന്, കെ. രാജന് എന്നിവരുടെ നേതൃത്വത്തിലായിരിക്കും തുടര്‍നടപടികള്‍.
ക്യാമ്പുകള്‍ ഇതേ രീതിയില്‍ മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയില്ലെന്നും ബദല്‍ മാര്‍ഗമാണ് തേടുന്നതെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു. ക്യാമ്പുകളില്‍ കഴിയുന്നവരില്‍ പലരും ഇതിനകം തന്നെ തങ്ങളുടെ പ്രയാസങ്ങള്‍ ജന ്രതിനിധികളെ അറിയിച്ചിട്ടുണ്ട്.
സർക്കാർ ക്വാര്‍ട്ടേഴ്സുകള്‍ നൽകുന്നത് പോലെതന്നെ ജില്ലയിലെ പഞ്ചായത്തുകളിൽ താത്കാലിക പുനരധിവാസത്തിന് സ്വയം തയാറായി വരുന്നവരുണ്ടോ എന്ന് പരിശോധന നടത്തും. ഇതിനായി വയനാട് ജില്ലയിലെ ഓരോ പഞ്ചായത്തുകളും മുൻകൈ എടുക്കുന്നതുപോലെയുള്ള പദ്ധതിയാണ് ആലോചിക്കുന്നതെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. ക്യാമ്പുകൾ നടക്കുന്ന സ്കൂളുകളിൽ പഠനം പുനരാരംഭിക്കേണ്ടതുണ്ട്. അതിനാൽ അവരെ അവിടെനിന്ന് മാറ്റേണ്ടതുണ്ടെന്നും മന്ത്രി മുഹമ്മദ് റിയാസ് വ്യക്തമാക്കി.
അതേസമയം തെരച്ചില്‍ തത്കാലം അവസാനിപ്പിക്കേണ്ടെന്നാണ് തീരുമാനം. നിലവില്‍ സൈന്യവും തെരച്ചിലിന് സഹായിക്കുന്നുണ്ട്. ഒരു ഭാഗത്ത് തെരച്ചില്‍ നടക്കുമ്പോള്‍ തന്നെ പുനരധിവാസ പദ്ധതി കൂടി നല്ല രീതിയില്‍ നടപ്പിലാക്കാനാണ് ലക്ഷ്യമിടുന്നത്.
സൺറൈസ് വാലിയിൽ പ്രത്യേക സംഘത്തിന്റെ പരിശോധന രാവിലെതന്നെ പുനരാരംഭിച്ചിട്ടുണ്ട്.സൂചിപ്പാറ വെള്ളച്ചാട്ടത്തിന് താഴെ ഹെലികോപ്റ്ററിൽ ഇറങ്ങിയ പ്രത്യേക സംഘം ഇന്നലെ നാലു കിലോമീറ്റർ ദൂരം പരിശോധന നടത്തിയിരുന്നു. ഇന്ന് ആറു കിലോമീറ്റർ ദൂരം പരിശോധനനടത്താനാണ് തീരുമാനം.