കുറവിലങ്ങാട്: ഗ്രാമപഞ്ചായത്തിൽ സംസ്ഥാന സാക്ഷരതാ മിഷൻ നടപ്പാക്കുന്ന ചങ്ങാതി പദ്ധതിയിൽ ചേർന്ന് മലയാളം പഠിക്കാൻ ഇതരസംസ്ഥാന തൊഴിലാളികളെത്തി.
തൊഴിലാളികളെ മൂന്നുമാസം കൊണ്ട് മലയാളം പഠിപ്പിക്കുക എന്നതാണു പദ്ധതിയുടെ ലക്ഷ്യം. പ്രത്യേകം തയാറാക്കിയ ഹമാരി മലയാളം പാഠപുസ്തകം ഉപയോഗിച്ചാണ് മലയാളപഠനം.
ഹിന്ദിയിലും മലയാളത്തിലും ഒരുപോലെ പ്രാവീണ്യം നേടിയ ഇൻസ്ട്രക്ടർമാരാണ് പഠനക്ലാസുകൾക്കു നേതൃത്വം നൽകുന്നത്. ഒഴിവുവേളകളും ഞായറാഴ്ചകളുമാണ് പഠനക്ലാസുകൾക്കായി ഉപയോഗപ്പെടുത്തുന്നത്.
30 വരെ പഠിതാക്കളാണ് ഓരോ കേന്ദ്രത്തിലും ഉള്ളത്. ഇവർക്ക് ഈ മാസം അവസാനമോ അടുത്ത മാസം ആദ്യമോ പരീക്ഷയുണ്ടാകും. വിജയികൾക്കു സംസ്ഥാന സാക്ഷരതാ മിഷൻ സർട്ടിഫിക്കറ്റ് നൽകും.