മുംബൈ: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നടത്തിയ റെയ്ഡിൽ കോടികൾ വിലമതിക്കുന്ന മയക്കുമരുന്ന് പിടികൂടി. നാലു പേരെ അറസ്റ്റു ചെയ്തു. മഹാരാഷ്ട്രയിൽ താനെ ജില്ലയിലെ മെഫെഡ്രോൺ നിർമാണ യൂണിറ്റിൽ ഗുജറാത്ത് തീവ്രവാദ വിരുദ്ധ സേന (എടിഎസ്) നടത്തിയ റെയ്ഡിൽ 792 കിലോഗ്രാം മെഫെഡ്രോൺ (എംഡി മയക്കുമരുന്ന്) കണ്ടെടുത്തു.
സംഭവത്തിൽ മുഹമ്മദ് യൂനുസ് ഷെയ്ഖ് (41), സഹോദരൻ മുഹമ്മദ് ആദിൽ ഷെയ്ഖ് (34) എന്നിവരെ അറസ്റ്റ് ചെയ്തു. ലിക്വിഡ് രൂപത്തിലുള്ള മയക്കുമരുന്നിന് അന്താരാഷ്ട്ര വിപണിയിൽ 800 കോടി രൂപ വിലമതിക്കും.
ഗുജറാത്തിലെ ബറൂച്ച് ജില്ലയിലെ ഒരു ഫാർമസ്യൂട്ടിക്കൽ ഫാക്ടറിയിലും സമാനമായ ഓപ്പറേഷൻ നടത്തി 31 കോടി രൂപ വിലമതിക്കുന്ന ട്രമാഡോൾ ലിക്വിഡ് കണ്ടെടുത്തു. ഈ സംഭവത്തിൽ രണ്ടു പേരെ പിടികൂടി.
ഹരിയാനയിലെ ഗുരുഗ്രാമിൽ ആളൊഴിഞ്ഞ വീട്ടിൽനിന്നു കോടികൾ വിലമതിക്കുന്ന 762.15 കിലോഗ്രാം കഞ്ചാവ് കണ്ടെടുത്തു. പട്ടൗഡി പ്രദേശത്തെ നനു ഖുർദ് ഗ്രാമത്തിലെ ആളൊഴിഞ്ഞ വീട്ടിൽനിന്നാണു കഞ്ചാവ് കണ്ടെടുത്തത്.
മജിസ്ട്രേറ്റിന്റെസാന്നിധ്യത്തിൽ വീടിന്റെ പൂട്ടു തകർത്താണ് അകത്തു പ്രവേശിച്ചത്. വിൽപനയ്ക്കായി വീട്ടിൽ കഞ്ചാവ് സൂക്ഷിച്ചവരെ കണ്ടെത്താൻ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.