ഓണത്തിന് മുറം നിറയെ പച്ചക്കറി പറിക്കാനുള്ള കരുതല്കൃഷി കൈവിട്ടു. തിമര്‍ത്തുപെയ്ത കാലവര്‍ഷത്തില്‍ പാവലും കോവലും പയറും ചീരയും വെണ്ടയും പാടെ നശിച്ചു.
കൃഷി ഓഫീസുകള്‍ മുഖേന വിതരണം ചെയ്ത തൈകളും വിത്തുകളും ഫലം തരാന്‍ സാധ്യത കുറഞ്ഞതോടെ ഓണം മാര്‍ക്കറ്റില്‍ പച്ചക്കറിക്ക് പൊള്ളുന്ന വിലയായേക്കും. പുതുതായി തൈകള്‍ നട്ട് വിളവെടുക്കാന്‍ ഇനി സമയവുമില്ല.
ഏപ്രില്‍, മേയ് മാസങ്ങളിലെ കനത്ത ചൂടില്‍ വേനല്‍കൃഷി ആകെ നശിച്ചു. പിന്നീടാണ് ഓണം മുന്നില്‍ കണ്ട് കഴിഞ്ഞ മാസം ഏറെപ്പേരും പച്ചക്കറി നട്ടത്. കര്‍ഷകൂട്ടായ്മ നടത്തിയ പച്ചക്കറി കൃഷിയും ഭാരിച്ച ബാധ്യതയിലായി.
മഴക്കെടുതിയില്‍ പയര്‍, പാവല്‍ എന്നിവയുടെ പൂക്കള്‍ അപ്പാടെ കൊഴിയുകയാണ്. കാച്ചില്, ചേന, ഇഞ്ചി, ചേമ്പ് തുടങ്ങിയവയ്ക്ക് ഇപ്പോള്‍തന്നെ വില കയറിയിട്ടുണ്ട്.
ചേന കിലോയ്ക്ക് നൂറിനു മുകളിലെത്തി. ഏത്തക്കുലയുടെ വിലയും കുത്തനെ ഉയരുകയാണ്. അയല്‍സംസ്ഥാനങ്ങളില്‍നിന്ന് പച്ചക്കറി എത്തിയാല്‍തന്നെ അത്തം മുതല്‍ ഉത്രാടം വരെ വില ഉയര്‍ന്നു നില്ക്കും.