കൽപ്പറ്റ: വയനാട്ടിൽ ഭൂമിക്കടിയിൽ നിന്ന് വലിയ മുഴക്കവും നേരിയ കുലുക്കവും അനുഭവപ്പെട്ടതായി പ്രദേശവാസികൾ. പരിഭ്രാന്തിയിൽ വയനാട് ജനത. വെള്ളി രാവിലെ 10 ഓടെയാണ് സംഭവം. വിവരമറിഞ്ഞ് റവന്യൂ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. പൊഴുതന, നെന്മേനി തുടങ്ങി വിവിധ പഞ്ചായത്തുകളിലെ പ്രദേശങ്ങളിലാണ് ഈ സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ സംഭവം സ്ഥിരീകരിച്ചു. എന്നാൽ പ്രദേശത്ത് ഭൂകമ്പ സൂചനകളില്ലന്ന് കേരള ഡിസാസ്റ്റർ മാനേജ്മെന്റ് അഥോറിറ്റി അറിയിച്ചു. നെന്മേനി വില്ലേജിലെ പടിപ്പറമ്പ്, അമ്പുകുത്തി, അമ്പലവയൽ എന്നീ സ്ഥലങ്ങളിലാണ് ഭൂമികുലുക്കം അനുഭവപ്പെട്ടത്.
എടയ്ക്കൽ ഗുഹ ഉൾപ്പെടുന്ന അമ്പുകുത്തി മലയുടെ താഴ്വാരങ്ങളിലാണ് രാവിലെ ശബ്ദം കേട്ടത്. ആദ്യം ശബ്ദം കേട്ടപ്പോൾ ഇടിവെട്ടിയതാകാം എന്നാണ് നാട്ടുകാർ പലരും കരുതിയത്. എന്നാൽ പിന്നീട് ഉഗ്രമായ ശബ്ദം വീണ്ടും ഉണ്ടായതോടെയാണ് ഇടി അല്ലന്ന് മനസിലായത്. ഇതിന് പിന്നാലെ ഭൂമി കുലുങ്ങുകയും ചെയ്തതോടെ ജനങ്ങൾ പരിഭ്രാന്തരായി. ഉടനടി എല്ലാവരും വീടുകളിൽ നിന്ന് പുറത്തേക്ക് ഓടിയെന്ന് നാട്ടുകാർ പറഞ്ഞു.