മുസാഫർപുർ: ബിഹാറിലെ മുസാഫർപുർ ജില്ലയിൽ യുട്യൂബിൽ വീഡിയോ കണ്ട് ബോംബ് ഉണ്ടാക്കാൻ ശ്രമിക്കുന്നതിനിടെയുണ്ടായ സ്ഫോടനത്തിൽ അഞ്ച് കുട്ടികൾക്ക് പരിക്കേറ്റു.
ഒരാളുടെ പരിക്ക് ഗുരുതരമാണ്. പരിക്കേറ്റ എല്ലാവരെയും ഗയാഘട്ട് പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ (പിഎച്ച്സി) ചികിത്സയ്ക്കായി മാറ്റി.
കുട്ടികൾ യൂട്യൂബ് വീഡിയോകളിൽനിന്ന് പഠിച്ച മെറ്റീരിയലുകൾ പരീക്ഷിച്ചതായി സീനിയർ പോലീസ് സൂപ്രണ്ട് രാകേഷ് കുമാർ സ്ഥിരീകരിച്ചു.
കുട്ടികൾ തീപ്പെട്ടിക്കോലിൽനിന്ന് വേർതിരിച്ചെടുത്ത വെടിമരുന്ന് ടോർച്ചിൽ നിറയ്ക്കുകയും ബാറ്ററി കയറ്റുകയും ചെയ്തു. സ്വിച്ച് ഓൺ ചെയ്യുമ്പോൾ ടോർച്ച് പൊട്ടിത്തെറിക്കുകയായിരുന്നു. ഇത്തരം സംഭവങ്ങൾ തടയാൻ കുട്ടികളുടെ ഓൺലൈൻ പ്രവർത്തനങ്ങൾ നിരീക്ഷിക്കാൻ രക്ഷിതാക്കളോട് പോലീസ് അധികൃതർ ആവശ്യപ്പെട്ടു.