പെൺകുട്ടികളും ആൺകുട്ടികളും തുല്യരാണെന്ന മനോഭാവത്തോടെ കുട്ടികൾ വളരണമെന്നുളള ഉദ്ദേശത്തോടെയാണ് സ്കൂളുകളിൽ ഇരു കൂട്ടരേയും ഒന്നിച്ച് ഇരുത്താൻ ആരംഭിച്ചത്. ഇത്തരത്തിലൊരു തീരുമാനം പ്രാവർത്തികമാക്കിയപ്പോൾ ‘ഞങ്ങളുടെ കാലത്ത് ഇങ്ങനെയൊന്നും ഉണ്ടായിരുന്നില്ലല്ലോ, എന്താണിപ്പോ പുതിയ രീതി എന്നൊക്ക പറഞ്ഞ്’ചില തലമുറകള്‍ മുറുമുറുത്തു, ചിലരാകട്ടെ പരിഭവം പറയുകയും ചെയ്തു. എന്നാല്‍, ഈ തീരുമാനത്തോട് പുതിയ തലമുറയ്ക്കുള്ള മനോഭാവം കേട്ട സമൂഹ മാധ്യമ ഉപയോക്താക്കളാണ് ഞെട്ടിത്തരിച്ചത്.
ഒരുപറ്റം വിദ്യാർഥികൾ തങ്ങളുടെ പ്രിൻസിപ്പലിന് സമര്‍പ്പിച്ച അപേക്ഷ കുട്ടികളിലൊരാളുടെ സഹോദരന് സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചു.
‘എന്റെ ഇളയ സഹോദരനും അവന്റെ ക്ലാസിലെ ആൺകുട്ടികളും സ്കൂൾ പ്രിൻസിപ്പളിനു സമർപ്പിച്ച നിവേദനമാണിത് എന്ന കുറിപ്പോടെയാണ് അപേക്ഷയുടെ ഫോട്ടോ പങ്കുവച്ചത്. ക്ലാസിലെ ആൺകുട്ടികൾക്ക് ഒരു പ്രത്യേക നിര വേണം എന്നതാണ് അപേക്ഷയിലെ ആവശ്യം.
“പെൺകുട്ടികൾക്ക് ഇരിക്കുന്നതിനായി ഒരു പ്രത്യേക വരി നൽകണമെന്ന് ഞങ്ങൾ (എല്ലാ ആൺകുട്ടികളും) അഭ്യർഥിക്കുന്നു, കാരണം അവർ ഇരിപ്പിടത്തിലെ ആദ്യ രണ്ട് സീറ്റുകൾ കൈയടക്കി വച്ചിരിക്കുന്നു.” ഇത് മൂലം പുറകില്‍ ഇരിക്കുന്ന തങ്ങളുടെ മേശമേലേക്ക് പെൺകുട്ടികളുടെ നീണ്ട മുടി വീഴുന്നു. ഇത് കൈകാര്യം ചെയ്യേണ്ട അസൗകര്യമുണ്ട്. എന്നാണ് കുട്ടികള്‍ കത്തില്‍ ചൂണ്ടിക്കാണിച്ചിരിക്കുന്നത്. അപേക്ഷയിൽ അന്ന് ക്ലാസിലുണ്ടായിരുന്ന എല്ലാ ആൺകുട്ടികളുടെ ഒപ്പും ഉണ്ടായിരുന്നു.