ചെന്നൈ: ബാർബിക്യൂ ചിക്കൻ ഉണ്ടാക്കിയതിന് ശേഷം കെടുത്താതെ വച്ച കൽക്കരി അടുപ്പിൽ നിന്നുള്ള പുക ശ്വസിച്ച് രണ്ട് യുവാക്കൾ മരിച്ചു. കൊടൈക്കനാലിലാണ് സംഭവം.
തിരുച്ചിറപ്പള്ളി സ്വദേശികളായ ആനന്ദ ബാബു, ജയകണ്ണൻ എന്നിവരാണ് ചിന്നപ്പള്ളത്തെ റിസോർട്ടിൽ ഉറക്കത്തിനിടെ മരിച്ചത്.
ഇവരോടൊപ്പം ഉണ്ടായിരുന്ന സഹോദരന്മാരായ ശിവശങ്കറും ശിവരാജും മറ്റൊരു മുറിയിൽ കിടന്നുറങ്ങിയതിനാൽ അവർ രക്ഷപ്പെട്ടു.
വെള്ളിയാഴ്ചയാണ് യുവാക്കൾ റിസോർട്ടിൽ എത്തിയത്. ലിവിംഗ് റൂമിൽ ബാർബിക്യൂ ചിക്കൻ പാകം ചെയ്ത ശേഷം അടുപ്പിലെ തീ കെടുത്താതെയാണ് സംഘം ഉറങ്ങാൻ പോയത്.
രാവിലെ യുവാക്കൾ ഉണരാതിരുന്നതിനെ തുടർന്ന് മെഡിക്കൽ സംഘം എത്തി നടത്തിയ പരിശോധനയിലാണ് മരണം സ്ഥിരീകരിച്ചത്.
അടുപ്പ് കെടുത്താതിരുന്നതിനാൽ രൂപപ്പെട്ട വിഷാംശമുള്ള വാതകങ്ങൾ മൂലം ശ്വാസംമുട്ടിയാണ് മരണമെന്ന് പോലീസ് പ്രാഥമിക അന്വേഷണത്തിന് ശേഷം പറഞ്ഞു.