പത്തനംതിട്ട: ഗവി റൂട്ടിലെ സഞ്ചാരികളുടെ മുന്പിലേക്ക് എത്തപ്പെടുന്ന കൊന്പനെ സൂക്ഷിക്കുക. കഴിഞ്ഞ കുറെ ദിവസങ്ങളായി ഗവിയിലേക്കുള്ള വാഹനയാത്രികരോട് അത്ര സുഖത്തിലല്ല ഈ കൊന്പനാന. ഇതിനോടകം നിരവധി വാഹനങ്ങൾ അവൻ മണിക്കൂറുകളോളം തടഞ്ഞിട്ടു. ഗവിയിലൂടെയുള്ള സ്ഥിരം കെഎസ്ആർടിസി ബസിനുനേരെയും ഒരു ദിവസം പാഞ്ഞടുത്തു.
മൂഴിയാർ – ഗവി പാതയിൽ കക്കി അണക്കെട്ടിനു മുന്പുള്ള പുല്ലുമേടിനു സമീപം ആനകളുടെ സ്ഥിരം താവളമാണ്. ഈ ഭാഗങ്ങളിൽ സമീപ ദിവസങ്ങളായി നിരവധി കാട്ടാനകൾ യാത്രക്കാരുടെ കൺമുന്പിലൂടെ കടന്നുപോകുന്നുണ്ട്. പുല്ലുമേട്ടിൽ മേയുന്ന ആനകളെയും ധാരാളമായി കണ്ടുവരുന്നു. ഇതിലൊരു കൊന്പനാനയാണ് സ്ഥിരമായി വാഹനങ്ങൾക്കു മുന്പിലേക്കെത്തുന്നത്.
കഴിഞ്ഞ വ്യാഴാഴ്ച ഉച്ചയോടെ ശബരിഗിരി പദ്ധതിയുടെ അണക്കെട്ടുകൾ പരിശോധിച്ചു മടങ്ങുകയായിരുന്ന ജില്ലാ ദുരന്ത നിവാരണ അഥോറിറ്റി ഉദ്യോഗസ്ഥരുടെ വാഹനം ആന തടഞ്ഞിട്ടു. റവന്യു സംഘത്തിന്റെ ഒരു വാഹനവും വൈദ്യുത ബോർഡിന്റെ മൂന്ന് വാഹനങ്ങളും കരാറുകാരന്റെ മറ്റൊരു വാഹനവുമാണ് ആന തടഞ്ഞത്. അഞ്ച് വാഹനങ്ങൾ 45 മിനിട്ടോളം റോഡിൽ കുടുങ്ങി.
വനാപലകരെ സാറ്റലൈറ്റ് ഫോണിൽ വിവരം അറിയിച്ചതിനെത്തുടർന്ന് അവർ എത്തി ആകാശത്തേക്ക് വെടിവച്ചതോടെയാണ് ആന പിൻവാങ്ങിയത്.ഗവി റൂട്ടിൽ രണ്ട് വിനോദ സഞ്ചാരികളുടെ കാർ ഒരാഴ്ച മുന്പ് ഈ ആന ആക്രമിച്ചിരുന്നു. പത്തനംതിട്ട – ഗവി – കുമളി റൂട്ടിലെ കെഎസ്ആർടിസി ബസും തടഞ്ഞിട്ടു.
ബസ് ഏറെ ദൂരം പിന്നിലേക്ക് എടുക്കേണ്ടിവന്നു. കെഎസ്ഇബി ഉദ്യോഗസ്ഥ സംഘം ഇതേ ആനയുടെ മുന്പിൽപ്പെട്ടപ്പോൾ നാല് കിലോമീറ്ററോളം പിന്നിലേക്ക് എടുത്താണ് രക്ഷപ്പെട്ടത്. കാലാവസ്ഥ അനുകൂലമായതോടെ ഗവി പാതയിൽ സഞ്ചാരികളുടെ നല്ല തിരക്കുണ്ട്. ചെറിയ മഴ ഇടയ്ക്കു ലഭിക്കുന്നതിനാൽ കാട്ടാനകൾ അടക്കം വന്യമൃഗങ്ങളെ കാണാനുമാകുന്നുണ്ട്.