വാഷിംഗ്ടൺ ഡിസി: യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ റിപ്പബ്ലിക്കൻ സ്ഥാനാർഥി ഡോണൾഡ് ട്രംപിന്റെ പ്രചാരണ ടീം ഇറാന്റെ സൈബർ ആക്രമണത്തിനു വിധേയമായെന്നു സംശയം. ഹാക്കിംഗ് നടന്നുവെന്നും ഇതിനു പിന്നിൽ ഇറാനാകാമെന്നും പ്രചാരണവിഭാഗം അറിയിച്ചു.
ട്രംപിന്റെ വൈസ് പ്രസിഡന്റ് സ്ഥാനാർഥി ജെ.ഡി. വാൻസിനെക്കുറിച്ച് പ്രചാരണ ടീം നടത്തിയ അന്വേഷണ റിപ്പോർട്ട് അടക്കമുള്ള രേഖകൾ ഒരജ്ഞാതൻ അടുത്തിടെ യുഎസ് മാധ്യമമായ പോളിറ്റിക്കോയ്ക്ക് ഇ-മെയിൽ ചെയ്തിരുന്നു. ട്രംപിന്റെ ടീമിലെ കംപ്യൂട്ടറുകൾ ഹാക്ക് ചെയ്താണ് ഈ രേഖകൾ ചോർത്തിയതെന്നു കരുതുന്നു.
ഇതിനു പുറമേ ജൂണിൽ ഒരു പ്രസിഡന്റ് സ്ഥാനാർഥിയെ ഇറേനിയൻ ഹാക്കർമാർ ലക്ഷ്യമിട്ടുവെന്നു മൈക്രോസോഫ്റ്റ് കഴിഞ്ഞ ദിവസം അറിയിക്കുകയുണ്ടായി. ട്രംപ് വൈസ് പ്രസിഡന്റ് സ്ഥാനാർഥിയായി ജെ.ഡി. വാൻസിനെ തെരഞ്ഞെടുത്ത സമയത്താണു ഹാക്കിംഗ് നടന്നതെന്ന് ട്രംപിന്റെ പ്രചാരണ ടീം അറിയിച്ചു.
ട്രംപ് തെരഞ്ഞെടുക്കപ്പെട്ടാൽ മുൻ ഭരണകാലത്തേതുപോലെ ഇറാനോടു വിട്ടുവീഴ്ച ചെയ്യില്ലെന്നകാര്യം വ്യക്തമാണെന്നും ടീം കൂട്ടിച്ചേർത്തു. ട്രംപ് അടക്കമുള്ള ഉന്ന നേതാക്കളെ വധിക്കാൻ പദ്ധതിയിട്ട ഇറേനിയൻ ബന്ധമുള്ള ആസിഫ് മർച്ചന്റ് എന്ന പാക്കിസ്ഥാനിക്കു നേർക്ക് ന്യൂയോർക്ക് കോടതിയിൽ അടുത്തിടെ കുറ്റപത്രം സമർപ്പിച്ചിരുന്നു.
ടൈറ്റാനിക്കിലെ ഗാനം: ട്രംപിനെ വിമർശിച്ച് സെലിൻ ഡിയോൺ
ഒട്ടാവ: ‘ടൈറ്റാനിക്’ സിനിമയിലെ ‘മൈ ഹാർട്ട് വിൽ ഗോ ഓൺ’ എന്ന ഗാനം തെരഞ്ഞെടുപ്പു പ്രചാരണത്തിന് ഉപയോഗിച്ച റിപ്പബ്ലിക്കൻ സ്ഥാനാർഥി ഡോണൾഡ് ട്രംപിനെ വിമർശിച്ച് പാട്ട് പാടിയ സെലിൻ ഡിയോൺ.
മൊണ്ടാനയിലെ ട്രംപിന്റെ പരിപാടിയിലാണു പാട്ടിന്റെ വീഡിയോ കാണിച്ചത്. അനുമതിയില്ലാതെയാണ് ഇത് ചെയ്തതെന്നു കനേഡിയൻ ഗായികയായ സെലിൻ ഡിയോൺ സോഷ്യൽ മീഡിയയിൽ കുറിച്ചു.
ഇതിനിടെ, ട്രംപിന്റെ എതിർ സ്ഥാനാർഥി കമലാ ഹാരിസ് മറ്റൊരു പ്രശസ്ത ഗായിക ബിയോൺസിന്റെ ഗാനം അനുമതിയോടെ ഉപയോഗിക്കുന്നുണ്ട്.