കൊച്ചി: ഓണ്‍ലൈന്‍ തട്ടിപ്പിന് ചൈനീസ് കമ്പനിക്ക് കൊച്ചിയില്‍ നിന്നും ആളുകളെ വിറ്റ കേസില്‍ മലയാളിയായ ഇടനിലക്കാരന് ലാവോസില്‍ തുടരുന്നത് കേസ് അന്വേഷണത്തിന് പ്രതിസന്ധി തീര്‍ക്കുന്നു. സമാന രീതിയില്‍ തട്ടിപ്പ് ഇരയായി നൂറുകണക്കിന് ആളുകള്‍ ലാവോസില്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് സൂചന.
ഇക്കാര്യങ്ങളിലടക്കം വ്യക്തത വരുത്താന്‍ പോലീസിന് ഇടനിലക്കാരന് എന്ന് സംശയിക്കുന്ന ആളിനെ ചോദ്യം ചെയ്യേണ്ടതുണ്ട്. എന്നാല്‍ സംഭവത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത് മനസിലാക്കിയതോടെ ഇയാള്‍ ലാവോസില്‍ തുടരുകയാണ്. അതിനിടെ കുടുങ്ങിക്കിടക്കുന്നവരെ തിരികെ കൊണ്ടുവരാന്‍ എംബസിയെ വിവരം അറിയിക്കാനുള്ള നടപടികള്‍ പോലീസ് ആരഭിച്ചു.
ഇതിനായി പോലീസ് റിപ്പോര്‍ട്ട് ഡിജിപിക്ക് സമര്‍പ്പിച്ച് അവിടെനിന്ന് സംസ്ഥാന സര്‍ക്കാര്‍ വഴി വിദേശകാര്യ മന്ത്രാലയത്തെ കാര്യങ്ങള്‍ ബോധിപ്പിക്കാനാകും നീക്കം.കൊച്ചിയില്‍ നിന്നും ലാവോസിലേക്ക് പോയ സംഘത്തെ ഇവിടെ എത്തിച്ചതിലടക്കം ഇടനിലനിന്ന മലയാളിയായ ഇടനിലക്കാരനായുള്ള അന്വേഷണത്തിന്റെ ഭാഗമായി ജോലി തട്ടിപ്പിനിരയായ കംബോഡിയയില്‍ നിന്നും കഴിഞ്ഞദിവസം നാട്ടില്‍ തിരിച്ചെത്തിയവരില്‍ നിന്നും പോലീസ് വിവരങ്ങള്‍ ശേഖരിക്കും.
ഇരുകേസുകളുടെ പിന്നിലും ഒരേതട്ടിപ്പ് സംഘമാണോ എന്ന് പരിശോധിക്കുന്നതിന്റെ ഭാഗമായാണിത്.