ചങ്ങനാശേരി: സൈബർ തട്ടിപ്പിൽ നട്ടംതിരിഞ്ഞ് കേരളാ പോലീസ്. അടുത്തിടെ അരങ്ങേറിയ “വ്യാജ സിബിഐ’ തട്ടിപ്പിലൂടെ കോടികളാണു നഷ്ടമായത്. കഴിഞ്ഞ പത്തുവര്‍ഷമായി സോഷ്യല്‍ മീഡിയകളിലൂടെ പണത്തട്ടിപ്പു പെരുകുമ്പോള്‍ കുറ്റവാളികളെ കണ്ടെത്താന്‍ കഴിഞ്ഞത് ചുരുക്കം കേസുകളിലാണെന്നാണ് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍തന്നെ പറയുന്നു.
നിങ്ങളുടെ അക്കൗണ്ട് മരവിച്ചതായും ഫോണ്‍ ഡീറ്റെയില്‍സും ഒടിപിയും മറ്റും ആവശ്യപ്പെട്ടുമുള്ള വ്യാജ ഫോണ്‍കോളുകളിലൂടെയാണ് തട്ടിപ്പ് നടന്നിരുന്നതെങ്കില്‍ ഇപ്പോള്‍ സിബിഐ ചമഞ്ഞ് വെര്‍ച്യല്‍ അറസ്റ്റിലൂടെയാണ് പുത്തന്‍ സൈബര്‍ തട്ടിപ്പ് അരങ്ങേറുന്നത്.
കഴിഞ്ഞയാഴ്ചയിലാണ് കേരളത്തെ ആശങ്കയിലും ഒപ്പം കൗതുകത്തിലുമാക്കിയ വെര്‍ച്യല്‍ അറസ്റ്റ് എന്ന പുത്തന്‍ സൈബര്‍ തട്ടിപ്പ് അരങ്ങേറിയത്. യാക്കോബായ സഭ നിരണം മുന്‍ ഭദ്രാസനാധിപന്‍ ഡോ.ഗീവര്‍ഗീസ് മാര്‍ കൂറിലോസിനെ മൊബൈല്‍ ഫോണിലൂടെ വെര്‍ച്വല്‍ അറസ്റ്റ് നടത്തി കുറ്റവാളികള്‍ 15 ലക്ഷം രൂപ തട്ടിയെടുത്തതും കോളജ് വിദ്യാര്‍ഥിനിയായ മകളെ രക്ഷിക്കാന്‍ ചങ്ങനാശേരി സ്വദേശിനിയായ വീട്ടമ്മയോടു പണം ആവശ്യപ്പെട്ട് ലഭിച്ച ഫോണ്‍കോളുമാണ് കേരളത്തെ ഞടുക്കിയ പുത്തന്‍ സൈബര്‍ ക്രൈം.
കോളജ് വിദ്യാര്‍ഥിനിയായ മകളെയും ആണ്സുഹൃത്തുക്കളെയും ഒരുകിലോഗ്രാം ലഹരിയുമായി പിടിയിലായെന്നും രക്ഷിക്കാന്‍ പണം വേണമെന്നും ആവശ്യപ്പെട്ടാണോ് ചങ്ങനാശേരി സ്വദേശിനിയായ വീട്ടമ്മയ്ക്കു കഴിഞ്ഞദിവസം ഫോണ്‍കോണ്‍ സന്ദേശം ലഭിച്ചത്. സിബിഐ ഉദ്യോഗസ്ഥന് എന്നു സ്വയം പരിചയപ്പെടുത്തിയായിരുന്നു ഫോണ്‍ കോള്‍. തട്ടിപ്പ് മണത്തറിഞ്ഞതോടെ വീട്ടമ്മ ഫോണ്‍ കട്ട് ചെയ്തു രക്ഷപ്പെടുകയായിരുന്നു.
ഫോണ്‍കോളിലും ഇന്സ്റ്റാഗ്രാമുകളിലുമായി സംസ്ഥാനത്ത് നിരവധിപ്പേര്‍ തട്ടിപ്പിനിരയാകുന്നതായി പോലീസ് പറഞ്ഞു. വീട്ടിലിരുന്നു കൂടുതൽ സമയം ഫോണ്‍ ചാറ്റിംഗ് നടത്തുന്ന വീട്ടമ്മമാരാണു കൂടുതലും തട്ടിപ്പിന് ഇരയാകുന്നത്.വീട്ടിലിരുന്ന വാട്ട്സാപ്പിടെ പണമുണ്ടാക്കാം, നിക്ഷേപിക്കുന്ന പണം ഉടനടി ഇരട്ടിയാക്കാം തുടങ്ങിയ മെസേജുകളില്‍ കുടുങ്ങിയാണ് ഇക്കൂട്ടരുടെ പണം നഷ്ടപ്പെടുന്നത്.
പരിചയമില്ലാത്ത വീഡിയോകോള്‍ എത്തുന്നതും കോള്‍ എടുക്കുമ്പോള്‍ ഫോട്ടോ എടുക്കുകയും നിമിഷനേരത്തിനുള്ളില്‍ ഈ ഫോട്ടോകള്‍ മോര്‍ഫ് ചെയ്ത് അശ്ലീലചിത്രങ്ങളാക്കി തിരികെ അയച്ച് ഭീഷണിപ്പെടിത്തി പണം തട്ടിയെടുത്ത സംഭവങ്ങളും വ്യാപകമാണെന്ന് പോലീസ് പറയുന്നു.
ചങ്ങനാശേരി സ്വദേശിയായ ഡോക്ടര്‍ക്ക് 84 ലക്ഷം നഷ്ടമായതായി ചങ്ങനാശേരി പോലീസ് സ്റ്റേഷനിലും വയോധികനായ ആള്‍ക്ക് 16ലക്ഷം നഷ്ടമായതായി തൃക്കൊടിത്താനം പോലീസിലും കേസുകളുണ്ടെന്നും പോലീസ് പറഞ്ഞു.
ബോധവത്കരണ റീലുമായി പോലീസ്
വെര്‍ച്വല്‍ അറസ്റ്റ് എന്ന കാര്യത്തിനു യാതൊരു നിയമസാധ്യതയില്ലെന്നും ആരുതന്നെ ഫോണിലൂടെ ബാങ്ക് വിവരങ്ങള്‍ ചോദിച്ചാലും കൈമാറരുതെന്നും പരിചയമില്ലാത്തവരുടെ ഫോണ്‍കോളുകളോടു പ്രതിക്കരിക്കരുതെന്നും ചൂണ്ടിക്കാട്ടിയാണു പോലീസിന്റെ ബോധവത്കരണ റീല്‍.
തട്ടിപ്പിനിരയായാലും സംശയകരമായ ഫോണ്‍കോള്‍ വന്നാലും 1930 എന്ന ഫോണില്‍ ഉടനെതന്നെ പരാതി രജിസ്റ്റര്‍ ചെയ്യണമെന്നും തൊട്ടടുത്ത പോലീസ് സ്റ്റേഷനിലെത്തി രേഖാമൂലം പരാതി നല്‍കണമെന്നുമാണ് പോലീസ് നല്കുന്ന നിര്‍ദേശം.