ഹൈദരാബാദ്: രാജ്യത്തിന്റെ ദേശീയ പക്ഷിയായ മയിലിലെ കറിവെക്കുന്നതിന്റെ വീഡിയോ പോസ്റ്റ് ചെയ്ത യൂട്യൂബര്‍ അറസ്റ്റിൽ. കോടം പ്രണയ് കുമാര്‍ എന്നയാളാണ് അറസ്റ്റിലായത്.
പരമ്പരാഗത മയില്‍ കറിയെന്ന പേരിലാണ് കോഡം പ്രണയ് കുമാര്‍ വീഡിയോ പങ്കുവച്ചത്. യൂട്യൂബില്‍ പോസ്റ്റ് ചെയ്ത വീഡിയോ നീക്കം ചെയ്യുമെന്ന് പോലീസ് പറഞ്ഞു
വീഡിയോ വിവാദമായതിന് പിന്നാലെ ഒളിവില്‍ പോയ പ്രണയ് കുമാറിനെ നീണ്ട തെരച്ചിലിന് ശേഷമാണ് തെലങ്കാന പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ മയില്‍ കറി വച്ച സ്ഥലവും പൊലീസ് പരിശോധിച്ചിരുന്നു.
വന്യജീവി സംരക്ഷണ നിയമം അനുസരിച്ച് ഷെഡ്യൂള്‍ 1 വിഭാഗത്തിലുള്‍പ്പെട്ട ജീവിയാണ് മയില്‍. മയിലിനെ കൊല്ലുന്നത് കുറഞ്ഞത് മൂന്ന് വര്‍ഷം മുതല്‍ ഏഴ് വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ് ഇത്.
നേരത്തെ കാട്ടുപന്നിയെ കൊന്ന് കറിവയ്ക്കുന്ന വീഡിയോ ഇയാള്‍ പുറത്ത് വിട്ടിരുന്നതായി ആരോപണമുണ്ട്. പ്രണയ് കുമാറിനെതിരെ കേസ് എടുത്തതായും ഇത്തരം നടപടികള്‍ ചെയ്യുന്നവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും സിരിസില എസ്.പി.അഖില്‍ മഹാജന് വിശദമാക്കുന്നത്.