തൊടുപുഴ: മുസ്ലിം ലീഗ് പിന്തുണച്ചതോടെ തൊടുപുഴ നഗരസഭാ ഭരണം എൽഡിഎഫിന് ലഭിച്ചു. സിപിഎം സ്വതന്ത്ര സബീന ബിഞ്ചുവാണ് ചെയർപേഴ്സണായി തെരഞ്ഞെടുക്കപ്പെട്ടത്. ചെയർമാൻസ്ഥാനത്തെ സംബന്ധിച്ച് മുസ്ലിം ലീഗും കോണ്‍ഗ്രസും തമ്മിലുണ്ടായ തർക്കത്തിനൊടുവിൽ ലീഗ് അംഗങ്ങൾ എൽഡിഎഫ് സ്ഥാനാർഥിക്കനുകൂലമായി വോട്ട് ചെയ്യുകയായിരുന്നു.
ചെയർമാനായിരുന്ന സനീഷ് ജോർജ് കൈക്കൂലിക്കേസിൽ പ്രതിയായതിനെത്തുടർന്ന് രാജിവച്ച ഒഴിവിലാണ് തെരഞ്ഞെടുപ്പ് നടന്നത്. ആകെ 35 വാർഡുകളുള്ള നഗരസഭയിൽ ഒരു സീറ്റ് ഒഴിഞ്ഞു കിടക്കുകയാണ്. ബാക്കി 34 പേരിൽ വോട്ടെടുപ്പിനു ഹാജരായത് 32 പേരാണ്. ലീഗിന്റെ അഞ്ചുപേർ ഉൾപ്പെടെ 14 വോട്ടുകൾ സബീന ബിഞ്ചുവിന് ലഭിച്ചു.
യുഡിഎഫ് സ്ഥാനാർഥിയായി മത്സരിച്ച കോണ്‍ഗ്രസിലെ കെ.ദീപക്കിന് 10 വോട്ടുകളാണ് ലഭിച്ചത്. 13 അംഗങ്ങളുടെ പിന്തുണയുണ്ടായിരുന്ന യുഡിഎഫിന് ഭരണം ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും ഘടകകക്ഷികൾ തമ്മിലുണ്ടായ തർക്കത്തിൽ വിജയം ഇടതുമുന്നണിക്ക് അനുകൂലമാകുകയായിരുന്നു.
ഉറപ്പായിരുന്ന ഭരണം നഷ്ടമാക്കിയതിന്റെ പേരിൽ പിന്നീട് കോണ്‍ഗ്രസ്-ലീഗ് നേതൃത്വം പരസ്പരം പഴിചാരലുമായി രംഗത്തെത്തി. ജില്ലയിൽ യുഡിഎഫ് സംവിധാനത്തിൽനിന്നു വിട്ടുനിൽക്കുമെന്നും ലീഗ് നേതൃത്വം അറിയിച്ചു.
യുഡിഎഫിനെ വഞ്ചിച്ച ലീഗ് കൗണ്‍സിലർമാർ രാജിവയ്ക്കണമെന്ന്ഡിസിസി പ്രസിഡന്റ് സി.പി.മാത്യുവും ആവശ്യപ്പെട്ടു.