എഡി 52ൽ മാർ തോമാശ്ലീഹായാൽ കോക്കമംഗലം കരയിൽ സ്ഥാപിച്ച വിശുദ്ധ കുരിശ് പിന്നീട് മാട്ടേൽ തുരുത്തിൽ നിന്ന് കണ്ടെടുത്തു. അദ്ഭുതകരമായി രക്തം ചിന്തിയ വിശുദ്ധ കുരിശ് വിശ്വാസികൾ തുരുത്തിൽനിന്നു പടിഞ്ഞാറുള്ള മറുകരയിലേക്ക് കൊണ്ടുവരികയും അവിടെ ഒരു ആലയം പണിത് അവിടെ വണക്കത്തിനായി പ്രതിഷ്ഠിക്കുകയും ചെയ്തു.
ആ ആലയം ഇന്നും കുരിശുപുരപള്ളി എന്നറിയപ്പെടുന്നു. വിശ്വാസിസമൂഹത്തിന്റെ വളർച്ചയെത്തുടർന്ന് കുരിശുപുര പള്ളിയുടെ സ്ഥല പരിമിതിമൂലം വിസ്തൃതമായ ഒരു ദേവാലയം പരിശുദ്ധ ദൈവമാതാവിന്റെ നാമത്തിൽ പടിഞ്ഞാറോട്ടു മാറി പണികഴിപ്പിക്കുകയും വിശുദ്ധ കുരിശ് അവിടെ പുനഃ പ്രതിഷ്ഠിക്കുകയും ചെയ്തു. മൂന്നാം നൂറ്റാണ്ടു വരെ ഇത് മധ്യതിരുവിതാംകൂറിലെ ഏക ദേവാലയം ആയിരുന്നു.
പരിശുദ്ധ ദൈവമാതാവിന്റെ നാമധേയത്തിലുള്ള ഏഷ്യയിലെ ആദ്യ ദേവാലയമാണ് പള്ളിപ്പുറം പള്ളി. മൂന്നാം നൂറ്റാണ്ടിലും ആറാം നൂറ്റാണ്ടിലും എട്ടാം നൂറ്റാണ്ടിലും പള്ളി പുതുക്കിപ്പണിതു. പതിനാറാം നൂറ്റാണ്ടിൽ പോർച്ചുഗീസ് തച്ചുശാസ്ത്രജ്ഞന്മാരുടെ നേതൃത്വത്തിൽ മദ്ബഹ ഉൾപ്പെടെ പള്ളി പുതുക്കി പണിതു. മരിയൻ ദൈവശാസ്ത്രത്തിന്റെ ഒരു കാവ്യശില്പമാണ് ഇപ്പോൾ കാണുന്ന മദ്ബഹ.
കുറവിലങ്ങാട് മുതൽ ആലപ്പുഴ വരെയും ഇടപ്പള്ളി വരെയും ആയിരുന്നു പള്ളിപ്പുറം പള്ളിയുടെ അതിർത്തി. 1891ൽ പള്ളിപ്പുറം പള്ളി ഫൊറോന പള്ളിയായി ഉയർത്തപ്പെട്ടു. എറണാകുളം അതിരൂപതയുടെ ആദ്യകാലം മുതലുള്ള ഫൊറോന ദേവാലയം ആണ് പള്ളിപ്പുറം പള്ളി. ഔദ്യോഗികമായി 1998 ൽ മരിയൻ തീർഥാടന കേന്ദ്രമായും 2016ൽ അതിരൂപതയിലെ വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസിന്റെ ഏക തീർഥാടന കേന്ദ്രമായും പള്ളിപ്പുറംപള്ളി പ്രഖ്യാപിക്കപ്പെട്ടു.