കടമ്മനിട്ട: ആനയെ അടുത്തറിയാനും ഇടപഴകാനും ലോക ഗജദിനത്തിൽ സാധ്യമായതിന്റെ സന്തോഷത്തിലാണ് കടമ്മനിട്ട ഗവൺമെന്റ് എച്ച്എസ്എസിലെ കുട്ടികൾ.
ദൂരെനിന്ന് ഭീതിയോടെ മാത്രം കണ്ടിരുന്ന ആനകളെ സ്പർശിക്കാനായതും വായിൽ തീറ്റവച്ചു നൽകാനും കഴിഞ്ഞപ്പോൾ സൗഹൃദലോകത്ത് ആനയ്ക്കും സ്ഥാനമുണ്ടെന്ന് കുട്ടികൾ തിരിച്ചറിഞ്ഞു.
ചെറുകോൽ പമ്പാനദീതീരത്തുള്ള സ്വകാര്യ ആനത്താവളത്തിലെ ശ്രീമഹാലക്ഷ്മി പാർവതി എന്ന പിടിയാനയ്ക്കൊപ്പമാണ് കുട്ടികൾ ഗജദിനം ആഘോഷിച്ചത്.
സന്ദർശനപരിപാടികളുടെ ഉദ്ഘാടനവും ആന ക്വിസും ഗ്രന്ഥകാരനും ആന വാർത്തകളുടെ സമ്പാദകനുമായ എം.എം. ജോസഫ് മേക്കൊഴൂർ നിർവഹിച്ചു. ആനദിനത്തിന്റെ ലക്ഷ്യങ്ങളും ആന കൗതുങ്ങളും അദ്ദേഹം വിവരിച്ചു.
സ്കൂൾ പ്രഥമാധ്യാപിക ആർ. ശ്രീലത അധ്യക്ഷത വഹിച്ചു. ആന പാപ്പാന്മാരായ സനോജിനെയും അരുണിനെയും പ്രിയ പി. നായർ പൊന്നാടയിട്ട് ആദരിച്ചു. കുട്ടികൾ ആനയോടൊപ്പംനിന്ന് ഫോട്ടോയെടുത്തു.
കുട്ടികളായ വൈഗാ വിനോദ്, വൈഗാ ഷിബു, അഖിൽ, ദീപു, അദ്വൈത് എന്നിവർ ആനയൂട്ടിനു നേതൃത്വം നൽകി.കുട്ടികളുടെ ചോദ്യങ്ങൾക്ക് ആന ഉടമയായ ബിപിൻ മറുപടി നൽകി.
ആനയുടെ അടുത്തെത്തുന്പോൾ പാലിക്കേണ്ട മര്യാദകളും ചിട്ടവട്ടങ്ങളും അദ്ദേഹം കുട്ടികൾക്കു പറഞ്ഞു കൊടുത്തു. അധ്യാപകരായ പി.എസ്. മിനി, വി.എ. രഘു, സിജി ഏബ്രഹാം, മാജിത മാഹിൻ, റോബിൻ, സുജ എന്നിവർ പ്രസംഗിച്ചു.