തലശേരി: പാനൂർ കടവത്തൂർ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിയെ സീനിയേഴ്സ് റാഗ് ചെയ്ത സംഭവത്തിൽ കൊളവല്ലൂർ പോലീസ് കേസെടുത്തു. റാഗിംഗിന് ഇരയായ പ്ലസ് വൺ വിദ്യാർഥി പുല്ലൂക്കരയിലെ വെള്ളോട്ട്കണ്ടിയിൽ അജ്മലിന്റെ (16) മൊഴിയുടെ അടിസ്ഥാനത്തിൽ 15 സീനിയർ വിദ്യാർഥികൾക്കെതിരേയാണ് മർദനത്തിന് കേസെടുത്തത്.
സ്കൂൾ അധികൃതരുടെ മൊഴിയെടുത്ത ശേഷം റാഗിംഗ് ഉൾപ്പെടെയുള്ള വകുപ്പുകൾ ചേർത്ത് കേസെടുക്കുമെന്ന് പോലീസ് പറഞ്ഞു. റാഗിംഗിന് ഇരയായ അജ്മൽ ഗുരുതരമായ പരിക്കുകളോടെ തലശേരി ഇന്ദിരാഗാന്ധി സഹ. ആശുപത്രിയിൽ ചികിത്സയിലാണ്. അതിനിടെ അജ്മലിനെ ക്രൂരമായി മർദിക്കുന്നതുൾപ്പെടെയുള്ള വീഡിയോ ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്.
ഷർട്ടിന്റെ ബട്ടനഴിച്ചുവെന്നാരോപിച്ച് സീനിയേഴ്സ് ക്രൂരമായി മർദിക്കുന്നതുൾപ്പടെയുള്ള ദൃശ്യങ്ങളാണ് പുറത്തായത്. പാട്ടുപാടാൻ നിർദേശിക്കുന്നതും മാമു എന്നയാളെ വിളിക്കാൻ ആവശ്യപ്പെടുന്നതും വീഡിയോയിൽ വ്യക്തമായി കാണാം.
അജ്മലിന്റെ കഴുത്തിനും കൈക്കും തലയ്ക്കുമാണ് പരിക്ക്. ഇന്നലെ വൈകുന്നേരം 4.30 ഓടെ സ്കൂൾ പരിസരത്തെ വഴിയിൽ വച്ചായിരുന്നു സംഭവം. അജ്മൽ ഇതിനു മുന്പും ആക്രമിക്കപ്പെട്ടിരുന്നതായി സഹപാഠികൾ പറഞ്ഞു.