ചെറുതോണി: വാഴത്തോപ്പ് പഞ്ചായത്തിൽ ഭൂമിയാംകുളം മേഖലയിൽ പൂട്ടിക്കിടക്കുന്ന വീടുകൾ കേന്ദ്രീകരിച്ചു നടന്ന മോഷണ പരമ്പരയിലെ പ്രതിയായ യുവതിയെ ഇടുക്കി പോലീസ് അറസ്റ്റ് ചെയ്തു. മുളകുവള്ളി സ്വദേശിനി ഏർത്തടത്തിൽ സുനിത സുനിൽ (44) ആണ് പോലീസൊരുക്കിയ കെണിയിൽ വീണത്.
ഒന്നരമാസത്തിനിടെ അഞ്ച് വീടുകളിലാണ് ഇവർ മോഷണം നടത്തിയത്. ഭൂമിയാംകുളം ഭാഗത്ത് വീട് പൂട്ടി ജോലിക്കും കൃഷിയിടങ്ങളിൽ പണിക്കും പോയിരുന്ന വീടുകൾ കേന്ദ്രീകരിച്ച് സ്വർണാഭരണങ്ങൾ കവർച്ച നടത്തുന്നതാണിവരുടെ രീതി.
കൂടുതൽ സ്വർണവും പണവും അലമാരയിൽ ഉണ്ടെങ്കിലും ഒന്നോ രണ്ടോ സ്വർണാഭരണങ്ങൾ മാത്രം മോഷ്ടിക്കുകയായിരുന്നു. സ്വർണം കൂടുതലായി പോകാത്തതിനാൽ ദിവസങ്ങൾക്ക് ശേഷം മാത്രമാണ് വീട്ടുകാർ മോഷണ വിവരം അറിഞ്ഞിരുന്നത്.
ഇടുക്കി പോലീസിൽ വ്യാപകമായി പരാതി ലഭിച്ചതോടെ ഇടുക്കി ഡിവൈഎസ്പി ജിൽസൺ മാത്യുവിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് അന്വേഷണം ആരംഭിക്കുകയായിരുന്നു.കുന്നപ്പിള്ളിയിൽ ഷാന്റി ജിൻസിന്റെ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്ത് പോലീസ് അന്വേഷണം വ്യാപിപ്പിച്ചു.
ഇടുക്കി, ചെറുതോണി, കരിമ്പൻ, തടിയമ്പാട് ഭാഗങ്ങളിലുള്ള ധനകാര്യ സ്ഥാപനങ്ങൾ, സ്വർണക്കടകൾ, ബാങ്കുകൾ എന്നിവയിൽ പരിശോധന നടത്തി നഷ്ടപ്പെട്ട സ്വർണങ്ങൾ കണ്ടെത്തി ഉടമകൾ കണ്ട് ഉറപ്പുവരുത്തി. സ്ത്രീയാണ് ഉരുപ്പടികൾ പണയം വച്ചിരിക്കുന്നതെന്നും സ്വർണാഭരണ ശാലകളിൽനിന്നു സ്വർണം മാറ്റി വാങ്ങിയിട്ടുള്ളതായും പോലീസ് മനസിലാക്കി.
ഇവരുടെ ചിത്രങ്ങൾ സ്ഥാപനങ്ങളിലെ സിസിടി വി യിൽ ലഭിച്ചതോടെ പോലീസ് തന്ത്രപരമായി സുനിതയെ പിടികൂടുകയായിരുന്നു. വിവിധ സ്ഥാപനങ്ങളിലായി പണയം വയ്ക്കുകയും വിൽക്കുകയും ചെയ്ത ഏഴര പവനോളം സ്വർണം പോലീസ് വീണ്ടെടുത്തു.
ഇടുക്കി പോലീസിന്റെ പ്രത്യേക അന്വേഷണ സംഘത്തിൽപ്പെട്ട ഇടുക്കി സ്റ്റേഷൻ ഹൗസ് ഓഫീസർ സന്തോഷ് സജീവ്, പ്രിൻസിപ്പൽ എസ്ഐ ബൈജു പി. ബാബു, എസ്ഐമാരായ സാബു തോമസ്, ജോർജുകുട്ടി, എം. ചന്ദ്രൻ, കെ.പി. റെജിമോൻ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ കെ.ആർ. അനീഷ്, മനോജ് വർഗീസ്, എം.ഐ. നജീബ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.
പ്രതിയെ മോഷണം നടന്ന വീടുകളിലും സ്വർണം പണയം വച്ച സ്ഥാപനങ്ങളിലും കടകളിലും എത്തിച്ച് തെളിവെടുപ്പ് നടത്തി. കോടതിയിൽ ഹാജരാക്കി പ്രതിയെ റിമൻഡ് ചെയ്തു.
സുനിത മുളകുവള്ളിയിൽ പത്തോളം വീടുകളിൽ മോഷണം നടത്തിയിരുന്നു. ഇവിടെ ഒരാൾ മാത്രമേ പോലീസിൽ പരാതി നൽകിയിരുന്നുള്ളു. ഇതും അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പരാതിക്കാരൻ സ്റ്റേഷനിലെത്തിയിരുന്നു.