വാഷിംഗ്ടൺ: ഗാസയിൽ വെടിനിർത്തൽ കരാർ യാഥാർഥ്യമായാൽ ഇസ്രയേലിനെതിരായ പ്രതികാര നടപടികളിൽനിന്ന് ഇറാൻ പിന്മാറിയേക്കുമെന്നു അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. ഇറാനോ ഇറാന്റെ പിന്തുണയുള്ള സായുധ ഗ്രൂപ്പുകളോ ഇസ്രയേലിനെ ആക്രമിക്കാൻ ഒരുങ്ങുകയാണെന്ന മുന്നറിയിപ്പുകൾക്കിടെയാണ് ബൈഡന്റെ പ്രസ്താവന.
ഹമാസ്-ഇസ്രയേൽ യുദ്ധം അവസാനിപ്പിക്കാൻ നാളെ ആരംഭിക്കുന്ന ചർച്ചകളിൽ ഇസ്രയേലും ഹമാസും പങ്കെടുക്കണമെന്ന് വൈറ്റ് ഹൗസ് വക്താവ് കരീൻ ജീൻ പിയറി ആവശ്യപ്പെട്ടിരുന്നു. ‘ചർച്ചകൾക്കായി ഇരുവിഭാഗവും എത്തണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു. സംഘർഷങ്ങൾക്ക് അയവു വരുത്തുന്നതിനുള്ള ഏറ്റവും നല്ല മാർഗം വെടിനിർത്തൽ കരാറാണെന്നും വിശ്വസിക്കുന്നു’ -ബൈഡൻ മാധ്യമപ്രവർത്തകരോട് സംസാരിക്കവേ പറഞ്ഞു.
ഹമാസ് മേധാവിയെ ടെഹ്റാനിൽ വധിച്ച സംഭവത്തിൽ തിരിച്ചടി നൽകാൻ അവകാശമുണ്ടെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെഷസ്കിയാൻ വ്യക്തമാക്കിയിരുന്നു. അതേസമയം, ഇസ്രയേലിനു നേർക്കുള്ള ഭീഷണിയിൽനിന്ന് ഇറാൻ പിന്മാറണമെന്നു വൻ ശക്തികളായ യുഎസ്, ബ്രിട്ടൻ, ഫ്രാൻസ്, ജർമനി, ഇറ്റലി എന്നിവർ സംയുക്ത പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
വൻശക്തി നേതാക്കൾ പരസ്പരം ഫോണിൽ ചർച്ച നടത്തുകയും ഇറാനോ ഇറാന്റെ പിന്തുണയുള്ള ഭീകര ഗ്രൂപ്പുകളോ ആക്രമണം നടത്തിയാൽ ഇസ്രയേലിനെ സംരക്ഷിക്കുമെന്നു വ്യക്തമാക്കുകയും ചെയ്തു.