ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷിയാകും, എസ്പി മൂന്നാംസ്ഥാനത്തേക്ക് തള്ളപ്പെടും, കോണ്‍ഗ്രസ് ചിത്രത്തിലെ ഉണ്ടാകില്ല, ഉത്തര്‍പ്രദേശില്‍ ഇന്ത്യ ടുഡേ സര്‍വേ പറയുന്നതിങ്ങനെ

upഅടുത്തവര്‍ഷം നടക്കുന്ന ഉത്തര്‍പ്രദേശ് നിയമസഭ തെരഞ്ഞെടുപ്പിന്റെ ഒരുക്കത്തിലാണ് പാര്‍ട്ടികളെല്ലാം. രാജ്യത്ത് ഏറ്റവുമധി സീറ്റുകളുള്ള യുപി പിടിച്ചടക്കുകയെന്നത് എല്ലാ പാര്‍ട്ടികളുടെയും സ്വപ്‌നമാണ്. തെരഞ്ഞെടുപ്പിന് ചുരുങ്ങിയ നാളുകള്‍ മാത്രം ബാക്കിനില്‍ക്കെ ഇന്ത്യ ടിവി-ആക്‌സിസ് മൈ ഇന്ത്യ നടത്തിയ അഭിപ്രായ സര്‍വേ പുറത്തുവിട്ടു. കേന്ദ്രം ഭരിക്കുന്ന ബിജെപി യുപിയില്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുമെന്നാണ് സര്‍വേ ഫലം നല്കുന്ന സൂചന. ഭരണവിരുദ്ധ തരംഗത്തില്‍ മുഖ്യമന്ത്രി അഖിലേഷ് യാദവിന്റെ സമാജ്‌വാദി പാര്‍ട്ടിക്ക് അടിതെറ്റും.

മായവതിയുടെ ബഹുജന്‍ സമാജ്‌വാദി പാര്‍ട്ടി രണ്ടാംസ്ഥാനത്തെത്തുമെങ്കിലും ഭരണം പിടിക്കാന്‍ അതു മതിയായേക്കില്ല. കോണ്‍ഗ്രസിന്റെ ദയനീയ തകര്‍ച്ചയാണ് സര്‍വേ പ്രവചിക്കുന്നത്. 403 അംഗ ഉത്തര്‍പ്രദേശ് നിയമസഭയില്‍ ഭരണം പിടിക്കുന്നതിന് 202 എംഎല്‍എമാരാണ് വേണ്ടത്. ബിജെപി 170 മുതല്‍ 183 സീറ്റുകള്‍ വരെ നേടും. കേവലഭൂരിപക്ഷത്തിലേക്ക് 20-30 സീറ്റുകളുടെ വ്യത്യാസം. മുന്‍മുഖ്യമന്ത്രി മായവതിയുടെ ബിഎസ്പിക്ക് 115-124 സീറ്റാണ് പ്രവചിക്കപ്പെടുന്നത്. ജാതിസമവാക്യങ്ങള്‍ മാറിമറിഞ്ഞാല്‍ ഇത് 150 വരെയാകാമെന്നും പറയുന്നു. പാര്‍ട്ടിയിലെ പടലപിണക്കങ്ങള്‍ തളര്‍ത്തുന്ന എസ്പിക്ക് 84-103 സീറ്റില്‍ ഒതുങ്ങേണ്ടിവരും.

വന്‍തിരിച്ചുവരവിന് ശ്രമിക്കുന്ന കോണ്‍ഗ്രസിനാകും തെരഞ്ഞെടുപ്പ് ഫലം ഏറ്റവുമധികം ഞെട്ടലുണ്ടാക്കുകയെന്നാണ് ഇന്ത്യ ടിവി പറയുന്നത്. കേവലം 12 സീറ്റ് മാത്രമാകും കോണ്‍ഗ്രസിന് ലഭിക്കുകയത്രേ. രാഹുല്‍ ഗാന്ധിയുടെ കിസാന്‍ യാത്രയും പ്രിയങ്ക ഗാന്ധിയുടെ പ്രചരണവും വേണ്ടത്ര പ്രയോജനം ചെയ്യില്ല. അടിത്തട്ടില്‍ പാര്‍ട്ടി സംവിധാനം തകര്‍ന്നതാണ് കോണ്‍ഗ്രസിനെ ബാധിക്കുകയെന്നും സര്‍വേയില്‍ പറയുന്നു.

മുഖ്യമന്ത്രി സ്ഥാനത്തേക്ക് 31 ശതമാനം ആളുകളും മായാവതിയുടെ പേര് നിര്‍ദേശിക്കുന്നു. 27 ശതമാനം നിലവിലെ മുഖ്യമന്ത്രി അഖിലേഷ് യാദവ് തുടരണമെന്ന് ആഗ്രഹിക്കുന്നു. പഴയ മുഖ്യന്‍ മുലായം സിങ്ങിനെ മുഖ്യമന്ത്രിക്കസേരയില്‍ കാണുന്നവര്‍ ഒരുശതമാനം മാത്രമാണ്. കേന്ദ്ര ആഭ്യന്തര മന്ത്രിയും മുന്‍ യുപി മുഖ്യമന്ത്രിയുമായ രാജ്‌നാഥ് സിങ്ങിനെ 18 ശതമാനം പേര്‍ അനുകൂലിക്കുന്നു. സംസ്ഥാനത്തെ 403 മണ്ഡലങ്ങളിലെ 22,231 വോട്ടര്‍മാരുമായി അഭിമുഖം നടത്തിയാണ് സര്‍വേ തയാറാക്കിയിരിക്കുന്നത്.

Related posts