കോഴിക്കോട്: വയനാട് പാര്‍ലമെന്റ് സീറ്റിലേക്കും സംസ്ഥാനത്തെ രണ്ടു നിയമസഭാ സീറ്റുകളിലേക്കും ഉപതെരഞ്ഞെടുപ്പ് ഉടനെ ഉണ്ടാകുമോ എന്ന ആകാഷയിൽ കേരളം. തെരഞ്ഞെടുപ്പ് കമ്മീഷന് ഇന്ന് വൈകിട്ട് മൂന്നിന് തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കാന്‍ വാര്‍ത്താസമ്മേളനം വിളിച്ചിട്ടുണ്ട്.
വിഷയമെന്താണെന്ന് വ്യക്തമാക്കിയിട്ടില്ലെങ്കിലും ഹരിയാന, ജാര്‍ക്കണ്ഡ്, ജമ്മുകശ്മീര്‍, മഹാരാഷ്ട്ര എന്നിവിടങ്ങളിലേക്കുള്ള നിയമസഭാ തെരഞ്ഞെടുപ്പാണ് മുഖ്യ അജന്‍ഡയെന്നാണ് നിഗമനം. അതോടൊപ്പം േകരളത്തില് ഉപതെരഞ്ഞെടുപ്പ് തീയതിയും പ്രഖ്യാപിക്കുമെന്ന് സൂചനയുണ്ട്. പാലക്കാട്ടും ചേലക്കരയിലുമാണ് നിയമസഭയിലേക്ക് ഉപതെരഞ്ഞെടുപ്പ് വരുന്നത്.
വയനാട് ഉരുള്‍പൊട്ടലിന്റെ സാഹചര്യത്തില്‍ വയനാട് പാര്‍ലമെന്റ് സീറ്റില്‍ ഉപതെരഞ്ഞെടുപ്പ് ഇന്ന് പ്രഖ്യാപിക്കാന്‍ സാധ്യതയില്ലെന്നാണ് വിവരം. ഇവിടെ നിന്ന് ജയിച്ച പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി വയനാട്ടിലെ അംഗത്വം രാജിവച്ച പശ്ചാത്തലത്തിലാണ് ഉപതെരഞ്ഞെടുപ്പു വേണ്ടിവന്നത്. വയനാട്ടില്‍ നിന്നും യുപിയിലെ റായ്ബറേലിയില്‍ നിന്നും ജയിച്ച രാഹുല്‍ റായ്ബറേലി നിലനിര്‍ത്താന്‍ തീരുമാനിക്കുകയായിരുന്നു.
മേയ്മാസം പതിനെട്ടിനാണ് അദ്ദേഹം വയനാട്ടിലെ അംഗത്വം രാജിവച്ചത്. സ്ഥാനമൊഴിഞ്ഞ് ആറുമാസത്തിനകം ഉപതെരഞ്ഞെടുപ്പ് നടത്തണമെന്നാണ് ചട്ടം. നവംബര്‍ പതിനെട്ടിനു മുമ്പ് ഉപതെരഞ്ഞെടുപ്പു നടത്തിയാല്‍ മതിയെന്നിരിക്കെ ദുരന്ത സാഹചര്യത്തില്‍ വയനാട്ടില്‍ ഇന്ന് പ്രഖ്യാപനത്തിനുള്ള സാധ്യത കുറവാണ്.
എന്നാല്‍, പാലക്കാട്ടും ചേലക്കരയിലും നിയമസഭാഉപതെരഞ്ഞെടുപ്പ് ഇന്ന് പ്രഖ്യാപിക്കാന്‍ സാധ്യതയുണ്ട്. പാലക്കാട് നിയമസഭാ മണ്ഡലത്തെ പ്രതിനിധീകരിച്ചിരുന്ന ഷാഫി പറമ്പിലും ചേലക്കരയില്‍ എംഎല്‍എയായിരുന്ന കെ. രാധാകൃഷ്ണനും പാര്‍ലമെന്റ് അംഗങ്ങളായതിനെത്തുടര്ന്നാണ് ഇവിടെ നിയമസഭയിലേക്ക് ഉപതരഞ്ഞെടപ്പ് േവണ്ടിവന്നത്. ഷാഫി പറമ്പില്‍ വടകരയില്‍നിന്നും രാധാകൃഷ്ണന് ആലത്തൂരില്നിന്നുമാണ് പാര്‍ലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.
ജമ്മുകാഷ്മീരില്‍ സെപ്റ്റംബര്‍ മുപ്പതിനകം നിയമാസഭാ തെരഞ്ഞെടുപ്പ് നടത്തണമെന്ന് സുപ്രിംേകാടതി ഉത്തരവുണ്ട്. അവിടം സന്ദര്‍ശിച്ച് തെരഞ്ഞെടുപ്പുകമ്മീഷന്റെ സംഘം അനുകൂല സാഹചര്യമാണ് ഉള്ളതെന്ന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. മഹാരാഷ്ട്രയിലും ഹരിയാനയിലും ജാര്‍ഖണ്ഡിലും ഇന്ത്യസഖ്യത്തിനു വലിയ സാധ്യത പ്രതീക്ഷിക്കുന്നതിനാല്‍ ഇന്നത്തെ പ്രഖ്യാപനം രാജ്യമാകെ കാതോര്‍ക്കുന്നതാണ്.
സ്വന്തം ലേഖകന്‍