പറവൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വീട്ടിൽ കയറി ലൈംഗീകമായി പീഡിപ്പിച്ച കേസിൽ ആലങ്ങാട് കൊടുവഴങ്ങ കൊട്ടുപുരയ്ക്കൽ ശ്രീജിത്തിന് (ബേബി-29) യെ 35 വർഷം കഠിനതടവിനും 25000 രൂപ പിഴയടക്കാനും ശിക്ഷിച്ചു.
പറവൂർ അതിവേഗ സ്പഷൽ കോടതി ജഡ്ജി ടി.കെ. സുരേഷ്കുമാറാണ് ശിക്ഷ വിധിച്ചത്. 2021 നവംബർ മുതൽ 2022 ജനുവരി വരെയുള്ള കാലയളവിലാണ് സംഭവം. പെൺകുട്ടിയുമായി പരിചയത്തിലായ ഇയാൾ പെൺകുട്ടിയുടെ വീട്ടിൽ മറ്റാരും ഇല്ലാത്ത സമയങ്ങളിൽ പലതവണ എത്തി പീഡിപ്പിച്ചെന്നുമാണ് കേസ്.
ബിനാനിപുരം പോലീസ് ഇൻസ്പെക്ടറായിരുന്ന വി. ആർ. സുനിലാണ് കേസന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്. പിഴത്തുക അതിജീവിതക്ക് നൽകണമെന്നും അല്ലാത്തപക്ഷം ഒരു വർഷവും മൂന്നു മാസവും അധിക തടവ് അനുഭവിക്കണമെന്നും കോടതി പറഞ്ഞു. പ്രോസിക്യൂഷന് വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ പ്രവിത ഗിരീഷ് കുമാർ ഹാജരായി.