കൊച്ചി: ജസ്റ്റീസ് ഹേമ കമ്മിറ്റിയുടെ റിപ്പോർട്ട് സർക്കാർ ഇന്ന് പുറത്തുവിടില്ല. റിപ്പോര്‍ട്ട് പുറത്തുവിടരുതെന്ന് ആവശ്യപ്പെട്ട് നടി രഞ്ജിനി ഹൈക്കോടതിയെ സമീപിച്ച സാഹചര്യത്തിലാണ് തീരുമാനം.
തിങ്കളാഴ്ച കോടതി കേസ് പരിഗണിച്ച ശേഷം ഇക്കാര്യത്തില്‍ തീരുമാനമെടുക്കുമെന്ന് സാംസ്കാരിക വകുപ്പ് അറിയിച്ചു. ജസ്റ്റീസ് കെ. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടാമെന്നു ഹൈക്കോടതി ചൊവ്വാഴ്ച ഉത്തരവിട്ടിരുന്നു.
റിപ്പോര്‍ട്ട് പുറത്തുവിടുന്നതിനെതിരേ നിര്‍മാതാവ് സജിമോന്‍ പാറയില്‍ നല്കിയ ഹര്‍ജി തള്ളിക്കൊണ്ടായിരുന്നു ജസ്റ്റീസ് വി.ജി. അരുണിന്റെ ഉത്തരവ്. ഇതനുസരിച്ച് മൊഴിനല്കിയവരുടെ സ്വകാര്യത ഹനിക്കപ്പെടുമെന്ന് കണ്ടെത്തിയ 62 പേജുകള്‍ ഒഴിവാക്കി 233 പേജുള്ള റിപ്പോര്‍ട്ടാണ് പുറത്തു വിടാനിരുന്നത്.
എന്നാൽ ഇതിനിടിടെയാണ് റിപ്പോർട്ട് പുറത്തുവിടുന്നതിനെതിരെ നടി രഞ്ജിനി ഹൈക്കോടതിയെ സമീപിച്ചത്. ഹേമ കമ്മിറ്റിക്ക് മുമ്പിൽ താൻ മൊഴി കൊടുത്തതാണെന്ന് നടി പറയുന്നു. മൊഴി നൽകിയവരുടെ അറിവ് ഇല്ലാതെ റിപ്പോർട്ട് പുറത്ത് വിടരുത്.
മൊഴി നൽകിയതിന് ശേഷം ഹേമ കമ്മിറ്റി ഇത് വരെ ബന്ധപെട്ടിട്ടില്ല. പറഞ്ഞ കാര്യങ്ങൾ എങ്ങനെ പുറത്ത് വരുമെന്നതിൽ ആശങ്കയുണ്ട്. മൊഴി നൽകിയവർക്ക് പകർപ്പ് ലഭ്യമാക്കി അവരെ കൂടി ബോധ്യപ്പെടുത്തിയാകണം റിപ്പോർട്ട് പുറത്തു വിടേണ്ടതെന്നും ഹർജിയിൽ പറയുന്നു.
സിനിമാ മേഖലയിലെ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളും നീതിനിഷേധങ്ങളും തൊഴിൽസാഹചര്യങ്ങളുമൊക്കെ പഠിക്കാൻ രാജ്യത്താദ്യമായി രൂപീകരിച്ച കമ്മീഷനാണ് ഹേമ കമ്മിറ്റി. സിനിമാരംഗത്തെ വനിതാ കൂട്ടായ്മയായ വിമൻ ഇൻ സിനിമ കളക്ടീവ് നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് കമ്മിറ്റി രൂപീകരിച്ചത്.