നെടുമ്പാശേരി/ആലുവ/കിഴക്കമ്പലം: പാരീസ് ഒളിമ്പിക്സില്‍ മെഡല്‍ നേടിയ ഇന്ത്യന്‍ ഹോക്കി താരം പി.ആര്. ശ്രീജേഷിന് ജന്മനാട്ടില് ഉജ്ജ്വല വരവേല്‍പ്പ്. നെടുമ്പാശേരി വിമാനത്താവളത്തിലും ആലുവ യുസി കോളജിലും കിഴക്കമ്പലത്തും ശ്രീജേഷിന് സ്വീകരണം നല്കി.
ഇന്നലെ ഉച്ചയോടെ നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയ ശ്രീജേഷിനെ കേരള ഒളിബിക്സ് അസോസിയേഷന്, ഹോക്കി അസോസിയേഷന്, സ്പോര്‍ട്സ് കൗണ്‍സില്‍ എന്നീ സംഘടനകളുടെ നേതൃത്വത്തിൽ സ്വീകരിച്ചു.
എംഎല്‍എമാരായ പി.വി. ശ്രീനിജിന്‍, അന്‍വര്‍ സാദത്ത്, എല്‍ദോസ് കുന്നപ്പിള്ളി, റോജി എം. ജോണ്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മുത്തേടന്‍ എന്നിവര്‍ക്കൊപ്പം വന്‍ ജനാവലിയും ശ്രീജേഷിനെ സ്വീകരിക്കാനെത്തി.
താരത്തെ വരവേല്‍ക്കുന്നതിനായി അദ്ദേഹത്തിന്റെ കുടുംബം ഒന്നടങ്കം എത്തിയിരുന്നു. മാതാപിതാക്കളായ പി.വി. രവീന്ദ്രന്, ഉഷാകുമാരി, ഭാര്യ ഡോ. പി.കെ. അനീഷ്യ, മകളായ അനുശ്രീ, ശ്രീഅന്‍ഷ് എന്നിവർ അഭിമാന നിമിഷങ്ങളില്‍ പങ്കാളികളായി.
ഹോക്കി വളർത്തണം
ജന്മനാടിന്റെ ആദരവും സ്വീകരണവും ഏറ്റുവാങ്ങുന്നതില്‍ അതിയായ സന്തോഷം ഉണ്ടന്ന് ശ്രീജേഷ് മാധ്യമങ്ങളോട് പറഞ്ഞു.തനിക്ക് കിട്ടുന്ന ഓരോ അംഗീകാരവും വളര്‍ന്നുവരുന്ന യുവതാരങ്ങള്‍ക്ക് പ്രചോദനമാകും. കേരളത്തില്‍ ഹോക്കിക്കുള്ള അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കണം. ഓരോ ജില്ലയിലും ഒരു ഹോക്കി ടര്‍ഫെങ്കിലും വേണം. മുഖ്യമന്ത്രിയെ കാണുമ്പോള്‍ ഈ ആവശ്യം ഉന്നയിക്കും.
കോച്ചാകാന്‍ കൂടുതല്‍ തയാറെടുപ്പ് ആവശ്യമാണ്. സമ്മര്‍ദങ്ങള്‍ എങ്ങനെ നേരിടാമെന്ന് പുതിയ തലമുറ പഠിക്കണം. കേരളത്തിലേക്കു വന്ന മൂന്ന് മെഡലും ഹോക്കിയില്‍ നിന്നാണ്. ഹോക്കി കേരളത്തില്‍ വളര്‍ത്തിക്കൊണ്ടുവരാന്‍ മന്ത്രിമാരുടെ പിന്തുണയോടെ കൂടുതല്‍ ഇടപെടല്‍ നടത്തുമെന്നും രണ്ടു മാസം വീട്ടില്‍ നില്‍ക്കാനാണ് തീരുമാനമെന്നും ശ്രീജേഷ് പറഞ്ഞു.
നെടുമ്പാശേരിയിലെ സ്വീകരണത്തിനുശേഷം തുറന്ന ജീപ്പില്‍ ആരാധകരെ അഭിവാദ്യം ചെയ്തുകൊണ്ട് ശ്രീജേഷ് ആലുവയിലേക്ക് തിരിച്ചു. ആലുവ യുസി കോളജില്‍ ഫിസിക്കല്‍ എഡ്യൂക്കേഷന്‍ ഡിപ്പാര്‍ട്ട്മെന്റിന്റെ സഹകരണത്തോടെ കേരള ഒളിമ്പിക്സ് അസോസിയേഷന് ശ്രീജേഷിന് സ്വീകരണം നല്കി. നമുക്ക് പല കഴിവുകളുണ്ടെന്നും അത് കണ്ടെത്തി വിജയത്തിനായി പരിശ്രമിക്കണമെന്നും അദ്ദേഹം വിദ്യാര്‍ഥികളോട് ആഹ്വാനം ചെയ്തു.
ചടങ്ങില്‍ ആലുവ നഗരസഭ ചെയര്മാന് എം.ഒ. ജോണ്‍, യുസി കോളജ് മാനേജര്‍ ഡോ. പി.എം. കുര്യച്ചന്, പ്രിന്‍സിപ്പല്‍ എല്‍ദോ വര്‍ഗീസ്, ഡോ. എം. ബിന്ദു, കെ.എസ്. നാരായണന് എന്നിവര്‍ പ്രസംഗിച്ചു. വിമാനത്താവളത്തില്‍നിന്ന് യുസി കോളജ് കലാലയാങ്കണത്തില്‍ എത്തിയ ശ്രീജേഷിന് എന്‍സിസി കേഡറ്റുകളുടെ ഗാര്‍ഡ് ഓഫ് ഓണറും ഹോക്കി ടീമിന്റെ ഹോക്കി സ്റ്റിക്ക് അഭിവാദ്യവും നല്കി.
തുടര്‍ന്ന് ജന്മനാടായ കിഴക്കമ്പലത്ത് നാട്ടുകാരും ശ്രീജേഷിന് സ്വീകരണം ഒരുക്കിയിരുന്നു. പൗരാവലി സംഘടിപ്പിച്ച സ്വീകരണച്ചടങ്ങില്‍ മന്ത്രി പി. രാജീവ്, ശ്രീജേഷിന് ഓണക്കോടി സമ്മാനിച്ചു.