വാഴ്സൊ (പോളണ്ട്): യുവേഫ സൂപ്പർ കപ്പ് ഫുട്ബോൾ കിരീടം സ്പാനിഷ് ലാ ലിഗ വന്പന്മാരായ റയൽ മാഡ്രിഡിന്.വാഴ്സോയിലെ നാഷണൽ സ്റ്റേഡിയത്തിൽ അരങ്ങേറിയ ഫൈനലിൽ യുവേഫ യൂറോ കപ്പ് ജേതാക്കളായ ഇറ്റാലിയൻ ടീമായ അത്ലാന്തയെ കീഴടക്കിയാണ് യുവേഫ ചാന്പ്യൻസ് ലീഗ് ജേതാക്കളായ റയൽ മാഡ്രിഡ് സൂപ്പർ കപ്പിൽ മുത്തംവച്ചത്. മറുപടിയില്ലാത്ത രണ്ടു ഗോളിനായിരുന്നു റയലിന്റെ ജയം. ഗോൾരഹിതമായ ആദ്യപകുതിക്കുശേഷമായിരുന്നു റയൽ മാഡ്രിഡിന്റെ രണ്ടു ഗോളുകളും.
കന്നി ഗോളിൽ എംബപ്പെ
റയൽ മാഡ്രിഡിന്റെ ഒന്പതാം നന്പർ ജഴ്സിയിൽ ഫ്രഞ്ച് സൂപ്പർ താരം കിലിയൻ എംബപ്പെയുടെ അരങ്ങേറ്റ മത്സരമായിരുന്നു. ഫ്രഞ്ച് ലീഗ് വണ് ക്ലബ്ബായ പിഎസ്ജിയിൽനിന്ന് 2024-25 സീസണിനു മുന്നോടിയായാണ് എംബപ്പെ റയൽ മാഡ്രിഡിലെത്തിയത്. റയൽ ജഴ്സിയിലെ അരങ്ങേറ്റ മത്സരത്തിൽത്തന്നെ ഗോൾ നേടാൻ എംബപ്പെയ്ക്കു സാധിച്ചു. 68-ാം മിനിറ്റിൽ ഇംഗ്ലീഷ് താരം ജൂഡ് ബെല്ലിങ്ഗമിന്റെ അസിസ്റ്റിലായിരുന്നു ഫ്രഞ്ചു താരത്തിന്റെ ഗോൾ.
59-ാം മിനിറ്റിൽ ഫ്രെഡെറിക് വാൽവെർഡെയായിരുന്നു റയലിന്റെ ആദ്യഗോൾ സ്വന്തമാക്കിയത്. 2023-24 സീസണോടെ ക്ലബ് ഫുട്ബോളിൽനിന്നു വിരമിച്ച ജർമൻ സൂപ്പർ താരം ടോണി ക്രൂസ് ധരിച്ച എട്ടാം നന്പർ ജഴ്സിയാണ് വാൽവെർഡെ അണിഞ്ഞത്. ഗോൾ നേടിയശേഷം ടോണി ക്രൂസിനു സമർപ്പിച്ചതായി ആംഗ്യം കാണിച്ച് തന്റെ എട്ടാം നന്പറിൽ വാൽവെർഡെ തൊട്ടുകാണിച്ചു.
ഏഴാം നന്പറിൽ വിനീഷ്യസ് ജൂണിയർ, 11-ാം നന്പറിൽ റോഡ്രിഗൊ, ഒന്പതാം നന്പറിൽ എംബപ്പെ, അഞ്ചാം നന്പറിൽ ബെല്ലിങ്ഗം എന്നിങ്ങനെ റയലിന്റെ വന്പൻ നിര കളത്തിൽ ഇറങ്ങിയപ്പോൾ ആരാധകർ ആവേശത്തിലായി.
റിക്കാർഡ് റയൽ
യുവേഫ സൂപ്പർ കപ്പ് ഏറ്റവും കൂടുതൽ പ്രാവശ്യം സ്വന്തമാക്കുന്ന ടീമെന്ന റിക്കാർഡ് റയൽ മാഡ്രിഡ് സ്വന്തമാക്കി. ഇത് ആറാം തവണയാണ് റയൽ മാഡ്രിഡ് സൂപ്പർ കപ്പിൽ മുത്തംവയ്ക്കുന്നത്. ലാ ലിഗയിൽ റയൽ മാഡ്രിഡിന്റെ ചിരവൈരികളായ എഫ്സി ബാഴ്സലോണ, ഇറ്റാലിയൻ സീരി എ ക്ലബ്ബായ എസി മിലാൻ എന്നീ ടീമുകളെ റയൽ സൂപ്പർ കപ്പ് നേട്ടത്തിൽ പിന്തള്ളി. എസി മിലാനും എഫ്സി ബാഴ്സലോണയ്ക്കും അഞ്ചു സൂപ്പർ കപ്പ് വീതമുണ്ട്. 2002, 2014, 2016, 2017, 2022, 2014 വർഷങ്ങളിലാണ് റയൽ മാഡ്രിഡ് സൂപ്പർ കപ്പ് ട്രോഫി ഉയർത്തിയത്.
റയൽ മാഡ്രിഡ് മുഖ്യപരിശീലകനായ കാർലോ ആൻസിലോട്ടി ഏറ്റവും കൂടുതൽ സൂപ്പർ കപ്പ് നേടുന്ന മാനേജർ എന്ന നേട്ടത്തിലുമെത്തി.
റയൽ മാഡ്രിഡിനൊപ്പം ഇത്തവണ സ്വന്തമാക്കിയത് ആൻസിലോട്ടിയുടെ കരിയറിലെ അഞ്ചാം യുവേഫ സൂപ്പർ കപ്പാണ്. എസി മിലാനൊപ്പം രണ്ടും (2003, 2007) റയൽ മാഡ്രിഡിനൊപ്പം മൂന്നും (2014, 2022, 2024) യുവേഫ സൂപ്പർ കപ്പ് ആൻസിലോട്ടി മുഖ്യപരിശീലകൻ എന്ന നിലയിൽ സ്വന്തമാക്കി.